
ഓണച്ചിത്രങ്ങളില്‍ പ്രേക്ഷക മനസ്സ് കീഴടക്കിയ ചിത്രമാണ് ടൊവിനോ തോമസിന്‍റെ അജയന്‍റെ രണ്ടാം മോഷണം. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളിലൂടെ മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളിലും വിജയകരമായി ചിത്രം മുന്നേറികൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ, ഫേസ്ബുക്കിൽ അജിത് പുല്ലേരി പങ്കുവച്ച പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. രാജസ്ഥാനിലെ ജയ്സാൽമീറിൽ ഉള്ള ഒരേയൊരു തിയറ്ററിൽ എആർഎം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു എന്നതാണ് പോസ്റ്റ്.
അജിത്ത് പുല്ലേരി പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
ARM റിലീസ് സമയത്ത് ഒരു രാജസ്ഥാൻ യാത്രയിലായിരുന്നു. ജൈസാൽമീരിൽ എത്തിയപ്പോൾ ഞങ്ങളുടെ ഗൈഡ് ഞാൻ ഒരു സിനിമ മേഖലയിൽ ജോലി ചെയ്യുന്ന ആൾ ആണ് എന്ന് അറിഞ്ഞത്‌കൊണ്ട് എനിക്ക് ഒരു സർപ്രൈസ് കാണിച്ചു. നമ്മുടെ സ്വന്തം മലയാള സിനിമ ജൈസാൽമീരിൽ ആകെ ഉള്ള ഒരു തീയറ്ററിൽ. ഇന്ത്യയിലെ മറ്റെല്ലാ ഭാഷയിലെ സിനിമകളും മാറ്റി വെച്ച് ARM ഹിന്ദി അവിടെ പ്രദർശിപ്പിക്കുന്നു. അതും നിറഞ്ഞ സദസ്സിൽ. നമ്മുടെ എല്ലാ താരങ്ങളെയും അവർക്ക് അറിയാം. വലിയ കട്ട് ഔട്ടുകൾ ഉൾപ്പെടെ വെച്ചുകൊണ്ട്. അഭിമാന നിമിഷം.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 87 കോടിയിലധികം കളക്‌ഷനാണ് ഇതൊനോടകം എആർഎം നേടിയിട്ടുള്ളത്.
സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കനാ’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.