
സംവിധായകനും എഴുത്തുകാരനും ഷാരൂഖ് ഖാന്റെ മകനുമായ ആര്യന്‍ ഖാന്‍ ദി ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന നെറ്റ്ഫ്‌ളിക്‌സ് ഷോയിലൂടെ അരങ്ങേറ്റം കുറിച്ചു. ഓഗസ്റ്റ് 20ന് മുംബൈയില്‍ വെച്ച് നടന്ന പരമ്പരയുടെ പ്രിവ്യൂവില്‍ ആര്യന്‍ ഖാന്‍ പ്രേക്ഷകരോട് ആദ്യമായി സംസാരിച്ചു. തന്റെ ആദ്യ സംവിധാനത്തില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ആര്യന്‍ അഭ്യര്‍ത്ഥിച്ചു.
"എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ദയവായി എന്നോട് ക്ഷമിക്കൂ. ഇത് എന്റെ ആദ്യ പരിശ്രമമാണ്", എന്നാണ് ആര്യന്‍ പറഞ്ഞത്.
ചടങ്ങില്‍ ആര്യന്‍ ഖാനൊപ്പം പിതാവ് ഷാരൂഖ് ഖാനും ഉണ്ടായിരുന്നു. പ്രേക്ഷകരെ ആദ്യമായി അഭിമുഖീകരിക്കുമ്പോള്‍ തനിക്ക് എത്രമാത്രം പരിഭ്രാന്തി തോന്നിയെന്നതിനെ കുറിച്ച് ആര്യന്‍ സംസാരിച്ചു.
"ഇന്ന് എനിക്ക് വളരെ പരിഭ്രാന്തി തോന്നുന്നു. കാരണം ഞാന്‍ ഇത് ആദ്യമായാണ് ചെയ്യുന്നത്. എന്നിരുന്നാലും ഞാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഇന്നത്തെ എന്റെ പ്രസംഗത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് തിരുത്താനായി ഞാന്‍ പ്രസംഗം കടലാസില്‍ എഴുതി വെച്ചിട്ടുണ്ട്. എന്നിട്ടും തെറ്റ് സംഭവിക്കുകയാണെങ്കില്‍ എന്റെ അച്ഛന്‍ എനിക്ക് പിന്തുണ നല്‍കാനുണ്ട്. അതിനെല്ലാം ശേഷവും എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കൂ. കാരണം ഞാന്‍ ഇത് ആദ്യമായാണ് ചെയ്യുന്നത്", ആര്യന്‍ പറഞ്ഞു.
ദി ബാഡ്‌സ് ഓഫ് ബോളിവുഡിലൂടെ പ്രേക്ഷകരെ രസിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ആര്യന്‍ പറഞ്ഞു. "പ്രേക്ഷകര്‍ക്ക് ഈ ഷോയിലൂടെ വിനോദം നല്‍കുക എന്നതാണ് എന്റെ ആശയം. ആയിരക്കണക്കിന് ടേക്കുകള്‍ക്കും റീടേക്കുകള്‍ക്കും ഒടുവിലാണ് ഈ ഷോ സംഭവിച്ചത്. ഇത് സൃഷ്ടിക്കാന്‍ എന്നെ സഹായിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു", എന്നും ആര്യന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങിലേക്ക് തന്റെ അമ്മയും ഷോയുടെ നിര്‍മാതാവുമായ ഗൗരി ഖാനെയും ആര്യന്‍ ക്ഷണിച്ചു. ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ പ്രിവ്യൂ ഹിന്ദി സിനിമാ മേഖലയുടെ ഉള്‍കാഴ്ച്ചകളെ കുറിച്ചുള്ള കഥയാണ് പറയുന്നതെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. താരങ്ങള്‍, താരങ്ങളുടെ പിറവി, സിനിമാ മേഖലയിലെ കഥകള്‍, ആഘോഷങ്ങള്‍, റൂമറുകള്‍ അതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്നിയാണ് ഷോയിലൂടെ പറയുന്നത്.
ലക്ഷ്യ ലാല്‍വാനി, രാഘവ് ജുയല്‍ എന്നിവരാണ് ഷോയുടെ പ്രധാന താരങ്ങള്‍. സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, രണ്‍വീര്‍ സിംഗ് എന്നിവരും ഇതില്‍ അതിഥി വേഷത്തില്‍ എത്തുന്നു. ബോബി ഡിയോള്‍, മനീഷ് ചൗധരി, സഹേര്‍ ബംബ, മനോജ് പഹ്‌വ, ഗൗതമി കപൂര്‍, മോന സിംഗ്, രജത് ബേദി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സെപ്റ്റംബര്‍ 18ന് ഷോ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.