നേരിടാം, ചിരിയോടെ; കേരളാ പൊലീസ് 'ചിരി' ഹെല്‍‌പ്പ് ലൈനിന്‍റെ മുഖമായി ആസിഫ് അലി

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന 'മനോരഥങ്ങള്‍' സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ ആസിഫ് അലിയെ അപമാനിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു
നേരിടാം, ചിരിയോടെ; കേരളാ പൊലീസ് 'ചിരി' ഹെല്‍‌പ്പ് ലൈനിന്‍റെ മുഖമായി ആസിഫ് അലി
Published on

കേരള പൊലീസ് നടപ്പാക്കുന്ന 'ചിരി' ഹെല്‍പ് ലൈന്‍ സംവിധാനത്തിന്റെ സോഷ്യല്‍ മീഡിയ പ്രചരണത്തിന് ആസിഫ് അലിയുടെ മുഖവും. കുട്ടികളുടെ സംരക്ഷണവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട വിവിധ വകുപ്പുകളുടെ സംയോജിത ഇടപ്പെടലുകള്‍ മുഖേന, വിഷമാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മാനസിക ആരോഗ്യ പിന്തുണ പ്രദാനം ചെയ്യുന്ന പദ്ധതിയാണിത്. മാനസിക സമ്മര്‍ദം, ഉത്കണ്ഠ എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും 9497900200 എന്ന നമ്പറില്‍ വിളിച്ച് പ്രശ്‌നങ്ങള്‍ പങ്കുവെക്കാം.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന 'മനോരഥങ്ങള്‍' സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ ആസിഫ് അലിയെ അപമാനിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. നിരവധി ആളുകളും മാധ്യമങ്ങളുമടക്കം നോക്കി നില്‍ക്കെ ഉണ്ടായ സംഭവത്തെ ഒരു പുഞ്ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്. നടന്റെ പെരുമാറ്റത്തെ അഭിനന്ദിച്ചും രമേശ് നാരായണനെ വിമര്‍ശിച്ചും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണവുമായെത്തി. ഇതിന് പിന്നാലെയാണ് കേരള പൊലീസിന്റെ ഹെല്‍പ് ലൈന്‍ സംവിധാനത്തിന്റെ സോഷ്യല്‍ മീഡിയ പ്രചരണത്തിന് ആസിഫ് അലിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് കേരള പൊലീസ് രംഗത്തെത്തിയത്.

എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളുടെ ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളില്‍ ജയരാജ് സംവിധാനം ചെയ്ത 'സ്വര്‍ഗം തുറക്കുന്ന സമയം' എന്നസിനിമയ്ക്ക് സംഗീതം നല്‍കിയത് രമേശ് നാരായണ്‍ ആയിരുന്നു. എം.ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത 'വില്പന' എന്ന സിനിമയില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അണിയറ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ രമേശ് നാരായണനെ ക്ഷണിക്കുന്നതില്‍ സംഘാടകര്‍ക്കും അവതാരകയ്ക്കും വീഴ്ച സംഭവിച്ചിരുന്നു.

തുടര്‍ന്ന് ആസിഫ് അലിയെ രമേശ് നാരായണന് ഉപഹാരം നല്‍കാന്‍ ക്ഷണിക്കുകയും സംഗീത സംവിധായകന്‍ തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആസിഫ് അലിയില്‍ നിന്ന് മൊമെന്റോ വാങ്ങിയെങ്കിലും ഹസ്തദാനം നല്‍കുകയോ മുഖത്ത് നോക്കുകയോ ചെയ്തില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി രമേശ് നാരായണ്‍ വീണ്ടും മൊമെന്റോ ഏറ്റുവാങ്ങുകയായിരുന്നു. സംഭവത്തില്‍ വിമര്‍ശനം വ്യാപരകമായതോടെ രമേശ് നാരായണ്‍ ആസിഫ് അലിയോട് ക്ഷമാപണം നടത്തി. ചലച്ചിത്ര സംഘടനകളായ എ.എം.എം.എ, ഫെഫ്ക തുടങ്ങിയവര്‍ നടന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com