കൊച്ചി: സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചെന്ന ആരോപണം നിഷേധിച്ച് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു. കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമാണെന്നാണ് ദിനിൽ ബാബുവിൻ്റെ പക്ഷം. നടന്നത് ഹണി ട്രാപ്പിനുള്ള ശ്രമമാണെന്നും യുവതി ഇങ്ങോട്ട് വിളിക്കുകയായിരുന്നെന്നും ദിനിൽ ബാബു പറയുന്നു. വേഫെറെർ കമ്പനിക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും ദിനിൽ ബാബു പറഞ്ഞു.
വേഫെറെർ ഫിലിംസിന്റെ സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി യുവതിയെ അപമാനിച്ചു എന്നായിരുന്നു ദിനിലിനെതിരെയുള്ള പരാതി. സംഭവത്തിൽ ഇയാൾക്കെതിരെ വേഫെറെർ ഫിലിംസ് നിയമനടപടി സ്വീകരിച്ചിരുന്നു. പരാതിക്കാരിക്ക് പിന്നിൽ മറ്റുചിലരുണ്ടെന്നാണ് ദിനിൽ ബാബു ആരോപിക്കുന്നത്. ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ദിനിൽ പറഞ്ഞു.
"യുവതി ഇങ്ങോട്ട് വിളിച്ച് രണ്ട് ദിവത്തോളം പണം ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതോടെ ആണ് പരാതി നൽകിയത്. വേഫാറെർ കമ്പനിക്ക് ഉണ്ടായ ബുദ്ധിമുട്ടിനു ക്ഷമ ചോദിക്കുന്നു," ദിനിൽ ബാബു പറഞ്ഞു.
വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആരംഭിക്കുന്നെണ്ടെന്നും അതിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാം എന്ന ആവശ്യവുമായി തന്നെ ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിൽ ഉള്ള വേഫേററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വരാനാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു യുവതിയുടെ ആരോപണം. ഇതിനൊപ്പം ദിനിൽ ബാബുവിന്റെ ശബ്ദ സന്ദേശവും യുവതി പരസ്യപ്പെടുത്തി.
അവിടെ എത്തിയ തന്നെ ദിനിൽ ബാബു ഒരു മുറിയിലേക്ക് കൊണ്ട് പോയി അടച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. തനിക്ക് വഴങ്ങിയില്ലെങ്കിൽ മലയാള സിനിമയിൽ ഇനി അവസരം ലഭിക്കില്ല എന്ന് ദിനിൽ ബാബു ഭീഷണിപ്പെടുത്തി എന്നും യുവതി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവ് തക്ക സമയത്ത് അവിടെ എത്തിച്ചേർന്നത് കൊണ്ട് മാത്രമാണ് താൻ രക്ഷപെട്ടതെന്നും യുവതി പറഞ്ഞു.