

ന്യൂഡല്‍ഹി: അയുഷ്‌മാന്‍ ഖുറാന-രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ഥാമ' തിയേറ്ററുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍ കൂടി 78 കോടി രൂപയാണ് അഞ്ച് ദിവസം കൊണ്ട് ഈ ഹൊറർ കോമഡി ചിത്രം കളക്ട് ചെയ്തത്. ഒക്ടോബർ 21ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
മാഡ്ഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് 'ഥാമ'. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ. ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രത്തിൽ പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും പ്രധാന വേഷത്തിലുണ്ട്.
കണക്കുകള്‍ പ്രകാരം, റിലീസ് ചെയ്ത് അഞ്ചാം ദിനം (ശനിയാഴ്ച) മാത്രം 13 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. ഇതോടെ സിനിമയുടെ മൊത്തം കളക്ഷന്‍ 78 കോടി രൂപയായി. 24 കോടി രൂപയായിരുന്നു 'ഥാമ'യുടെ ഓപ്പണിങ് ഡേ കളക്ഷന്‍. വരുൺ ധവാന്റെ 'ഭേഡിയ'യുടെ (68.99 കോടി രൂപ) ലൈഫ് ടൈം കളക്ഷനും , 'സണ്ണി സംസ്‌കാരി കി തുളസി കുമാരി'യുടെ (60.35 കോടി രൂപ) ആഭ്യന്തര കളക്ഷനും ചിത്രം ഇതിനോടകം മറികടന്നു.
നവാസുദ്ദീന്‍ സിദ്ദിഖി, പരേഷ് റാവല്‍, ഗീതാ അഗർവാള്‍, സത്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അതിഥി വേഷത്തില്‍ വരുണ്‍ ധവാനും സിനിമയിലെത്തുന്നുണ്ട്. നിരേൻ ഭട്ട്, സുരേഷ് മാത്യു, അരുൺ ഫലാര എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മാഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജനും 'സ്ത്രീ' സംവിധായകൻ അമർ കൗശിക്കും ചേർന്നാണ് നിർമാണം.