അസീസ് നെടുമങ്ങാട് നായകനാകുന്ന ആദ്യ ചിത്രം 'മോഹനവള്ളി'യുടെ ചിത്രീകരണം പൂർത്തിയായി. ഹൊറർ, ഫാൻ്റസി, ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ഉമേഷ് എസ് നായരാണ് സംവിധാനം ചെയ്യുന്നത്. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉമേഷ് സംവിധായക നിരയിലേക്കെത്തുന്നത്.
ഓരോ മനുഷ്യൻ്റെയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ അരങ്ങേറാറുണ്ട്. ഇവിടെ തനി നാട്ടിന്‍പുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ മോഹനവള്ളി എന്ന കുരുക്കാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് ഏറ്റെടുത്തു. അത് അഴിക്കാനുള്ള ശ്രമത്തിൻ്റെ, രസകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്‌കാരണമാണ് മോഹനവള്ളി എന്ന ചിത്രം.
സമീപകാലത്ത് പ്രേഷകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയ അസീസ് നെടുമങ്ങാടാണ് കേന്ദ്ര കഥാപാത്രമായ പ്രേമദാസനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, അബിൻബിനോ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന: രാഹുൽ കല്യാൺ, സംഗീതം: അർക്കാഡോ, ഛായാഗ്രഹണം: സുധീർ സുരേന്ദ്രൻ, എഡിറ്റിങ്: സുനേഷ് സെബാസ്റ്റ്യൻ, കലാസംവിധാനം: മകേഷ് മോഹൻ, മേക്കപ്പ്: സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈൻ: അരവിന്ദ് കെ.ആർ, സൗണ്ട് മിക്‌സിങ്: എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ആശിഷ് ജോസ് ഇല്ലിക്കൽ, ഡിസൈൻ: യെല്ലോടൂത്ത്, മാർക്കറ്റിങ്: ഓപറ, സ്റ്റിൽസ്: വിഷ്ണു ആർ. ഗോവിന്ദ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്‌സ്: കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പി.ആർ.ഒ: വാഴൂർ ജോസ്.