സിനിമാ പ്രേമികള്‍ക്ക് ഓഗസ്റ്റ് 14 ആഘോഷിക്കാനുള്ള ദിവസമാണ്. രജനികാന്തിന്റെ കൂലിയും ജൂനിയര്‍ എന്‍ടിആര്‍, ഋത്വിക് റോഷന്‍ എന്നിവരുടെ വാര്‍ 2ഉം റിലീസിന് ഒരുങ്ങുകയാണ്. അതോടൊപ്പം തന്നെ പ്രേക്ഷകര്‍ക്കായി മറ്റൊരു സര്‍പ്രൈസ് കൂടി ഒരുക്കിയിട്ടുണ്ട്. ബാഹുബലി : ദി എപിക് എന്ന ചിത്രത്തിന്റെ ടീസര്‍ ഈ രണ്ട് സിനിമകള്‍ക്കൊപ്പം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ കൂലി അല്ലെങ്കില്‍ വാര്‍ 2 കാണുന്ന പ്രേക്ഷകര്‍ക്ക് ബാഹുബലി : ദി എപിക്കിന്റെ എക്‌സ്‌ക്ലൂസീവ് ഫസ്റ്റ് ലുക്ക് ലഭിക്കുമെന്നാണ് ഗ്ലൂട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഹുബലി : ദി ബിഗിനിങ്, ബാഹുബലി : ദി കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളുടെ സംയോജനമാണ് വരാനിരിക്കുന്ന ചിത്രം.
ജൂലൈ 10നാണ് എസ്.എസ്. രാജമൗലി ബാഹുബലി : ദി എപിക് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്ത് പത്ത് വര്‍ഷം പിന്നിടുമ്പോളായിരുന്നു പ്രഖ്യാപനം. ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററിലെത്തുമാണ് അദ്ദേഹം എക്സ് പോസ്റ്റില്‍ അറിയിച്ചത്.
അമരേന്ദ്ര ബാഹുബലിയുടെ മകനായ മഹേന്ദ്ര ബാഹുബലിയുടെ കഥയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പറഞ്ഞുവെക്കുന്നത്. രണ്ടാം ഭാഗത്തില്‍ എങ്ങനെ അമരേന്ദ്ര ബാഹുബലിയെ ചതിയിലൂടെ കട്ടപ്പ കൊലപ്പെടുത്തിയെന്ന് പറയുകയും തുടര്‍ന്ന് മഹേന്ദ്ര ബാഹുബലി മഹിഷ്മതിയുടെ രാജാവാകുയും ചെയ്യുന്നു. 2015ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2017ല്‍ കണ്‍ക്ലൂഷനും പുറത്തിറങ്ങി.
പ്രഭാസിന് പുറമെ, റാണ ദഗുബാട്ടി, രമ്യ കൃഷ്ണ, അനുഷ്‌ക ഷെട്ടി, സത്യരാജ്, നാസര്‍, തമന്ന എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. 650 കോടിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം ബോക്സ് ഓഫീസില്‍ കളക്ട് ചെയ്തത്. രണ്ടാം ഭാഗം 1788.06 കോടിയും നേടി.