

കൊച്ചി: ‘ആലപ്പുഴ ജിംഖാന’, ‘മോഹിനിയാട്ടം’ എന്നീ ചിത്രങ്ങളിലൂടെ നടൻ എന്ന നിലയിൽ ശ്രദ്ധ നേടിയ റാപ്പർ ബേബി ജീൻ ആദ്യമായി നായകനാകുന്ന ‘അക്ഷരം പ്രതി’ക്ക് തുടക്കമായി. സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന രേഷ്മ ശിവകുമാറിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഗോപിക രമേഷ്, ഗ്രേസ് ആന്റണി, മഞ്ജു പിള്ള, ശരത് സഭ, ചന്തു സലിംകുമാർ, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും, ഷിയാസ് ഹസ്സനും ചേർന്നാണ് ‘അക്ഷരം പ്രതി’യുടെ നിർമാണം. തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്ന പൂജാ ചടങ്ങിൽ സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമം നിർവഹിച്ചു കൊണ്ടാണ് ചിത്രത്തിനു തുടക്കമിട്ടത്. നിർമാതാക്കളായ ടിപ്പു ഷാനും ഷിയാസ് ഹസനും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി.
ബേബി ജീൻ നായകനായി അരങ്ങേറുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നവാഗതനായ നിഷാദ് കെ. സലീമിന്റെ കോമഡി ഡ്രാമ ‘കലശ ബന്ധിതം’, ‘കൊറോണ ധവാൻ’ സംവിധായകൻ സി.സി.യുടെ ഹൊറർ കോമഡി ‘പാലപ്പൂ’ എന്നിവയാണ് ബേബി ജീനിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.
സംവിധായിക രേഷ്മ ശിവകുമാർ, അരുൺ സി.എസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ജിതേഷ് മംഗലപ്പിള്ളി ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ടിപ്പുഷാൻ വി.ഇ.യും ഷിയാസ് ഹസ്സനും ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ കഥയും ഴോണറും അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സംഗീതം: ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രണവ് പറശ്ശിനി , ഛായാഗ്രഹണം: ജിതേഷ് മംഗലപ്പിള്ളി, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, കലാസംവിധാനം: എം. ബാവ, കോസ്റ്റ്യൂം: സമീറ സനീഷ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുസീലൻ, ചീഫ് അസോസിയേറ്റ്സ്: പ്രകാശ് കെ. മധു, സോണി ജി. സോളമൻ, മേക്കപ്പ്: ആർ.ജെ. വയനാട്, കാസ്റ്റിംഗ് ഡയറക്ടർ: വിവേക് അനിരുദ്ധ്, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം, ഡി.ഐ: ഇന്ത്യൻ സിനിമാ കമ്പനി, വി.എഫ്.എക്സ്: ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്.