കൊച്ചി: ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ - ദ ബോയ്' കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സംവിധാനം, തിരക്കഥ, അഭിനേതാക്കളുടെ പ്രകടനം എന്നിങ്ങനെ സർവതലത്തിലും ചിത്രം മികച്ചു നിൽക്കുന്നുവെന്നാണ് പൊതു അഭിപ്രായം.
സംവിധായകനും തിരക്കഥാകൃത്തിനും മാത്രമല്ല കഥാപാത്രങ്ങൾക്ക് യോജിച്ച മുഖങ്ങളെ കണ്ടെത്തിയ കാസ്റ്റിങ് ഡയറക്ടർ ഗണപതിയേയും പ്രശംസിച്ച് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മിഹമ്മദ് സിനാൻ എന്നിവരുടെ പ്രകടനം ഏവരും എടുത്തു പറയുന്നുണ്ട്. ഇവർക്കൊപ്പം 'അമ്മച്ചി' എന്ന കഥാപാത്രമായി എത്തിയ അഭിനേത്രിയും തിയേറ്ററുകളിൽ കയ്യടികൾ ഏറ്റുവാങ്ങുകയാണ്. ഡോളി ജൂൺ അവതരിപ്പിച്ച ഈ കഥാപാത്രം കഥാഗതിയിൽ കൊണ്ടുവരുന്ന രസമുഹൂർത്തങ്ങൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു. ഇരട്ടക്കുഴൽ തോക്കും പിടിച്ച് വീൽച്ചെയറിൽ എത്തുന്ന 'അമ്മച്ചി' അക്ഷരാർഥത്തിൽ കാണികളെ ഞെട്ടിച്ചു. "എന്റെ തോക്കിലൊരു ഉണ്ട ലാഭം" എന്ന നടിയുടെ ഡയലോഗ് വരും ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കത്തിക്കയറും എന്നുറപ്പ്.
ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ടൊവിനോ തോമസും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ജിത്തു മാധവൻ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. വിജയ് ചിത്രം 'ജന നായകൻ', യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' എന്നിങ്ങനെ വമ്പൻ പ്രോജക്ടുകളുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻ നിർമിച്ച മലയാളം ചിത്രം എന്ന പ്രത്യേകതയും 'ബാലനു'ണ്ട്. അജയൻ ചാലിശേരിയാണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിങ് - വിവേക് ഹർഷൻ.
കാസ്റ്റിങ് ഡയറക്ടർ/ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ- ഗണപതി, വസ്ത്രാലങ്കാരം- സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി- ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ്- സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.