വാഷിങ്ടൺ: പുസ്തകങ്ങളും സിനിമകളും സംഗീതവും അതിയായി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന കാലം മുതൽ തനിക്ക് ഓരോ വർഷവും ഇഷ്ടപ്പെട്ട സിനിമകളുടെയും പുസ്തകങ്ങളുടെയും പാട്ടുകളുടെയും വിവരങ്ങൾ ഒബാമ പങ്കുവയ്ക്കുന്നത് പതിവാണ്. 2025ലും ആ പതിവ് യുഎസ് മുൻ പ്രസിഡന്‍റ് തെറ്റിച്ചില്ല. വിവിധ തലമുറകളെ ആകർഷിക്കുന്ന തരത്തിലുള്ള സാംസ്കാരിക വൈവിധ്യമാണ് ഒബാമയുടെ ഈ വർഷത്തെയും പട്ടികയെ വ്യത്യസ്തമാക്കുന്നത്.
മനുഷ്യബന്ധങ്ങളും സാമൂഹിക പ്രമേയങ്ങളും കൈകാര്യം ചെയ്യുന്ന വിവിധ ഴോണറുകളിലുള്ള സിനിമകളാണ് ഇത്തവണ ബരാക് ഒബാമ പ്രിയപ്പെട്ട സിനിമകളായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇഷ്ട സിനിമകൾ: വൺ ബാറ്റിൽ ആഫ്റ്റർ അനദർ (പോൾ തോമസ് ആൻഡേഴ്സൺ), സിന്നേഴ്സ് (റയാൻ കൂഗ്ലർ), ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (ജാഫർ പനാഹി), ഹാംനെറ്റ് (ക്ലോയി ഷാവോ), സെന്റിമെന്റൽ വാല്യൂ (യോക്കിം ട്രിയർ), നോ അദർ ചോയിസ് (പാർക്ക് ചാൻ വൂക്ക്), ദ സീക്രട്ട് ഏജന്റ് (ക്ലേബർ മെൻഡോൺസ ഫീലോ), ട്രെയിൻ ഡ്രീംസ് (ക്ലിന്റ് ബെന്റ്‌ലി), ജേ കെല്ലി (നോവ ബാംബാക്ക്), ഗുഡ് ഫോർച്യൂൺ (അസീസ് അൻസാരി), ഓർവൽ: 2+2=5 (റൗൾ പെക്ക്).
ഒബാമയുടെ വായനാ പട്ടികയിൽ ഇന്ത്യൻ നോവലിസ്റ്റുകളും അമ്മയും മകളുമായ അനിത ദേശായി, കിരൺ ദേശായി എന്നിവരും ഉൾപ്പെടുന്നു. കിരൺ ദേശായിയുടെ ദ ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി എന്ന പുസ്തകമാണ് ഒബാമയുടെ വാർഷിക പട്ടികയിൽ ഇടംപിടിച്ചത്. മുൻ പ്രസിഡന്റിന്റെ വേനൽക്കാല വായനാപട്ടികയിലാണ് അനിതാ ദേശായിയുടെ റോസരിറ്റ എന്ന പുസ്തകം പരാമർശിച്ചിരിക്കുന്നത്.
സാമൂഹിക നിരീക്ഷണങ്ങളും ചരിത്രരചനകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പുസ്തകങ്ങളാണ് ഇത്തവണ ഒബാമയുടെ പട്ടികയിലുള്ളത്.
പേപ്പർ ഗേൾ (ബെത്ത് മേസി), ഫ്ലാഷ്‌ലൈറ്റ് (സൂസൻ ചോയ്), വീ ദ പീപ്പിൾ (ചരിത്രകാരി ജിൽ ലെപോർ), ദ വൈൽഡർനെസ് (ആഞ്ചല ഫ്ലൂർനോയ്), ദെയർ ഈസ് നോ പ്ലേസ് ഫോർ യൂ (ബ്രയൻ ഗോൾഡ്സ്റ്റോൺ), നോർത്ത് സൺ (ഈഥൻ റഥർഫോർഡ്), 1929 (ആൻഡ്രൂ റോസ് സോർക്കിൻ), ദ ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി (കിരൺ ദേശായി), ഡെഡ് ആൻ എലൈവ് (സാഡി സ്മിത്ത്), വാട്ട് വി കാൻ നോ (ഇയാൻ മക്ഇവാൻ). ഒപ്പം തന്റെ പങ്കാളിയും യുഎസ് മുൻ പ്രഥമ വനിതയുമായ മിഷേൽ ഒബാമ എഴുതിയ ദ ലുക്ക് എന്ന പുസ്തകത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഈ പുസ്തകത്തോട് തനിക്ക് ചെറിയൊരു 'പക്ഷപാതം' ഉണ്ടെന്നാണ് ഒബാമ തമാശരൂപേണ കൂട്ടിച്ചേർത്തത്.
പോപ്പ്, കെ-പോപ്പ്, ആർ ആൻഡ് ബി (R&B) തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതം ഉൾക്കൊള്ളുന്നതാണ് ഒബാമയുടെ 2025ലെ പ്ലേലിസ്റ്റ്. ഒലിവിയ ഡീൻ, കെൻഡ്രിക് ലാമർ, ട്രാവിസ് സ്കോട്ട്, ബ്ലാക്ക് പിങ്ക്, ബ്രൂസ് സ്പ്രിങ്സ്റ്റീൻ , റൊസാലിയ, ലേഡി ഗാഗ, തുടങ്ങിയവർ പട്ടികയിൽ ഇടംപിടിച്ചു. ഈ പ്രമുഖരുടെ പാട്ടുകൾക്കൊപ്പം തമിഴ്-അമേരിക്കൻ സംഗീതജ്ഞയായ ഗണവ്യ ആലപിച്ച 'പസായദാൻ' എന്ന ഗാനവുമുണ്ട്. 13-ാം നൂറ്റാണ്ടിലെ പ്രശസ്ത മറാത്തി ഭക്ത കവി സന്ത് ജ്ഞാനേശ്വർ എഴുതിയ കീർത്തനമാണ് പസായദാൻ.
ഡീനിന്റെ 'നൈസ് ടു ഈച്ച് അദർ', ഗാഗയുടെ 'അബ്രകാഡബ്ര', റൊസാലിയയുടെ 'സെക്സോ, വയലൻസിയ വൈ ലന്റാസ്' എന്നിവയാണ് പ്രസിഡന്റിന്റെ പ്ലേലിസ്റ്റിലെ മറ്റ് മുൻ നിരക്കാർ. അതുപോലെ ചാപ്പൽ റോൺ (ദി ഗിവർ), അലക്സ് വാറൻ (ഓർഡിനറി), ഡ്രേക്ക് (നോക്കിയ), കെൻഡ്രിക് ലാമർ, എസ്‌ഇഎ (ലൂഥർ) എന്നിവരുടെ വലിയ ഗാനങ്ങളും ഇത്തവണത്തെ വർഷാവസാന പട്ടികയിൽ ഉൾപ്പെടുന്നു.