
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന്റെ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ട്. ചിത്രം ഒക്്‌ടോബര്‍ മൂന്നിനായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ വിഎഫ്‌സ് ജോലികളും ഐ മാക്‌സ് പതിപ്പും പൂര്‍ത്തിയായിട്ടില്ലെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീധര്‍ പിള്ളയും ഇക്കാര്യം എക്‌സില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന കഥയെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്.
സംവിധാനത്തിനൊപ്പം സിനിമയിലെ പ്രധാന കഥാപാത്രമായ നിധി കാക്കും ഭൂതത്തിന്റെ വേഷം അവതരിപ്പിക്കുന്നതും മോഹന്‍ലാലാണ്. 45 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ആദ്യമായി മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.
ഇന്ത്യയിലെയും വിദേശത്തെയും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ളത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: സന്തോഷ് രാമന്‍.