
ബേസിൽ ജോസഫ് തന്റെ ബോക്‌സ് ഓഫീസ് ഹിറ്റുകൾ കൊണ്ടും മികച്ച കഥാപാത്ര അവതരണം കൊണ്ടും മലയാള സിനിമയുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. നിരന്തരമായുള്ള ബോക്‌സ് ഓഫീസ് ഹിറ്റുകളും കുടുംബ പ്രേക്ഷകരുടെ പിന്തുണയും കാരണം പ്രേക്ഷകർ ബേസിലിനെ പുതിയ ജനപ്രിയ നായകൻ എന്നും വിശേഷിപ്പിക്കുന്നുണ്ട്. നടൻ ദിലീപിനാണ് ഈ പേര് നേരത്തെ പ്രേക്ഷകർ നൽകിയിരുന്നത്. എന്നാൽ തന്നെ ദിലീപുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് ബേസിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. അടുത്തിടെ പ്രാവിൻകൂട് ഷാപ്പുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ബേസിലിന്റെ പ്രതികരണം.
'ദിലീപിനെ അദ്ദേഹത്തിന്റെതായ ഒരു സ്റ്റൈലുണ്ട്. നമ്മൾ കണ്ട് വളർന്ന സിനിമകളിലൂടെ ഉണ്ടാക്കിയെടുത്തതാണ് അദ്ദേഹം അതെല്ലാം. പ്രേക്ഷകർ എനിക്ക് തരുന്ന സ്‌നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്. എന്നാൽ എനിക്കിഷ്ടം സ്വന്തം വഴി പിന്തുടരാനാണ്. ദിലീപ് അദ്ദേഹത്തിന്റെ പ്രയത്‌നം കൊണ്ടാണ് അതെല്ലാം ഉണ്ടാക്കിയെടുത്തത്. അതുമായി താരതമ്യപ്പെടുത്തുന്നതിനോട് എനിക്ക് താത്പര്യമില്ല', എന്നാണ് ബേസിൽ പറഞ്ഞത്.
നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രാവിൻകൂട് ഷാപ്പിലാണ് ബേസിൽ അവസാനമായി അഭിനയിച്ചത്. ജനുവരി 16നാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അൻവർ റഷീദാണ് ചിത്രത്തിന്റെ നിർമാണം. ശ്രീരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിച്ചു. ബേസിലിന് പുറമെ ചിത്രത്തിൽ സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് ജോസ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ജോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാനാണ് റിലീസ് ചെയ്യാനിരിക്കുന്ന ബേസിൽ ചിത്രം. ചിത്രം ജനുവരി 30ന് തിയേറ്ററിലെത്തും.