
ഹേമ കമ്മിറ്റി റിപ്പോർട്ട് മാതൃകയിൽ സിനിമയിലെ ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കാൻ ബംഗാളി സിനിമയിലും കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ട് ബംഗാളി നടിമാർ രംഗത്ത്. ആവശ്യങ്ങൾ ഉന്നയിച്ച് വുമൺസ് ഫോർ സ്ക്രീൻ വർക്കേഴ്സ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്ത് അയച്ചു.
ബംഗാളി നടിമാരായ ഉഷാസി റേ, അനന്യ സെൻ, തനിക ബസു, സൗരസേനി മൈത്ര, അംഗന റോയ്, ഡാമിനി ബെന്നി എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് സുരക്ഷിതമല്ലാത്ത തൊഴിൽ മേഖലയാണ് സിനിമയെന്നും അത്തരത്തിലുള്ള സാഹചര്യങ്ങളെ കുറിച്ചും അഞ്ചു പേജ് അടങ്ങിയ കത്തിൽ വിശദമാക്കുന്നുണ്ട്. ആർജി കർ ആശുപത്രിയിൽ പീഡനത്തിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവവും ഇവർ കത്തിൽ പരാമർശിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. മലയാള സിനിമയിലെ ഇരുണ്ട വശം ആളുകളുടെ മുന്നിലെത്തിക്കാൻ ഹേമ കമ്മിറ്റിക്ക് കഴിഞ്ഞു. റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധി നടിമാർ പ്രമുഖ നടന്മാർ ഉൾപ്പടെയുള്ളവർക്കെതിരെ ലൈംഗിക ആരോപണവുമായി മുന്നോട്ട് വന്നിരുന്നു.