പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review

പൊടിപാറണ ആക്ഷനില്ല, ചെവിതുളയ്ക്കുന്ന ബിജിഎമ്മില്ല. സർവം ഫീൽ ​ഗുഡ് മയം!
പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review
Published on
Updated on

ഗിരീഷ് എ.ഡി എന്ന സംവിധായകന്റെ ആദ്യ ചിത്രം, 'തണ്ണീർമത്തൻ ദിനങ്ങളു'ടെ പശ്ചാത്തലം സ്കൂൾ ആയിരുന്നു. ഒരു സ്കൂൾ കാല പ്രണയചിത്രം. രണ്ടാം ചിത്രം 'സൂപ്പർ ശരണ്യ'യിൽ അത് കോളേജ് കാലവും പ്രണയവുമായി. 'പ്രേമലു'വും ടീനേജ് റോം കോമായിരുന്നു. 'ബെത്ലഹേം കുടുംബ യൂണിറ്റി'ലും ഗിരീഷ് പ്രണയം വിടുന്നില്ല; നർമവും. നിവിൻ പോളിയേയും മമിത ബൈജുവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രം പ്രായ വ്യത്യാസമുള്ള രണ്ട് പേർ, രണ്ട് അയൽക്കാർ തമ്മിലുള്ള പ്രേമത്തിന്റെ കഥയാണ് പറയുന്നത്. അതിനൊപ്പം ഒരുപിടി നല്ല നർമമുഹൂർത്തങ്ങളും കൂടിയാകുമ്പോൾ 'ബെത്ലഹേം' പ്രേക്ഷക‍ർക്ക് ഒരു നല്ല സിംപിൾ പടം കണ്ട അനുഭവമാകുന്നു. പൊടിപാറണ ആക്ഷനില്ല, ചെവിതുളയ്ക്കുന്ന ബിജിഎമ്മില്ല. സർവം ഫീൽ ​ഗുഡ് മയം!

ഈ കഥ പലർക്കും റിലേക്ക് ചെയ്യാനാകും. സിനിമയെ ആസ്വാദ്യകരമാക്കുന്നതും അതാണ്. അതുപോലെ കോമഡിക്കായി കോമഡിയുണ്ടാക്കാതെ അതിനെ അതിന്റെ വഴിക്ക് വിടുകയാണ് സംവിധായകൻ. ചിരിയും പ്രേമവും ക്ലാഷ് ആകുന്നില്ല. എന്നാൽ വേണ്ടിടത്ത് രണ്ടും ചേ‍ർന്നുവരുന്നുമുണ്ട്. പിന്നെ, ഈ പ്രേമപ്പടം എടുക്കുക എന്ന് പറയുന്നത് വലിയ റിസ്കുള്ള പണിയാണ്. പ്രത്യേകിച്ച് 'ക്രിഞ്ച്' എന്ന വാക്ക് എല്ലാ റൊമാന്റിക് പടങ്ങളുടേയും മുകളിൽ വാളുപോലിങ്ങനെ തൂങ്ങിയാടുന്ന കാലത്ത്. ആ റിസ്കാണ് കോമഡി കൊണ്ട് ​ഗിരീഷ് മറികടക്കുന്നത്. പോപ്പ് കൾച്ച‍ർ റെഫറൻസുകൾക്കൊപ്പം നൊസ്റ്റാൾജിയയും കൂടി ചേ‍ർത്താണ് ​ഗിരീഷിന്റെ എഴുത്ത്. അതുകൊണ്ടു തന്നെ ജനറേഷൻ ​ഗ്യാപ്പ് എന്ന വെല്ലുവിളിയുമില്ല. 'പ്രേമലു'വിൽ നമ്മൾ അത് കണ്ടതാണ്. അത് ആവ‍ർത്തിക്കുകയാണ് ​ഗിരീഷ് എഡി.

പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review
മോഹൻലാലിന് ഇരട്ടിപ്പണി! പാതിവെന്ത തിരക്കഥയിൽ ഒരു ഇടിപ്പടം; 'ഖലീഫ' റിവ്യൂ | KHALIFA REVIEW

നിവിൻ പോളി എന്ന നടന് ഈ ഴോണറിന് മേലുള്ള ​ഗ്രിപ്പും എടുത്തുപറയണം. വരുന്ന ഓരോ ഫ്രെയിമിലും നിവിന്റെ നോട്ടവും ചിരിയും പതർച്ചയും കരച്ചിലും പ്രേക്ഷക‍രുടെ കണ്ണിലുടക്കും. കൂടെ മമിത കൂടിയെത്തുമ്പോൾ സിനിമ സ്പോട്ടിഫൈ കാലത്തെ കാസറ്റ് പാട്ടുപോലെയാകുന്നു. ഇതിലെ നായികയുടെ പ്രണയം നാട്ടിലെ ഫേമസ് സിം​ഗിൾ ഏട്ടായിയോടുള്ള ഫാസിനേഷൻ ആയി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ളയൊന്നാണ്. പക്ഷേ, പക്വമായ അഭിനയം കൊണ്ട് മമിത തന്റെ കഥാപാത്രത്തിന് ഒരു ലെയ‍ർ കൂടി ചേ‍ർക്കുന്നു. നിവിനും മമിതയും വരുന്ന രംഗങ്ങളിലെല്ലാം മമിത ഒരുപടി മുകളിൽ നിന്നു എന്നുപറഞ്ഞാലും തെറ്റില്ല. കൃത്യമായി റിയാക്ട് ചെയ്യുക എന്നത് മാത്രമാണ് നിവിന് അവിടെ ചെയ്യാനുള്ളത്. നാണിച്ചുള്ള ചിരികൊണ്ടും ഒളിച്ചുള്ള നോട്ടം കൊണ്ടും കലങ്ങിയ കണ്ണുകൊണ്ടും തന്റേതായ സ്റ്റൈലിൽ നിവിൻ അത് ഭംഗിയായി ചെയ്യുന്നുമുണ്ട്.

'ബെത്ലഹേം കുടുംബ യൂണിറ്റി'ലെ കാസ്റ്റിങ്ങും എടുത്തുപറയേണ്ട കാര്യമാണ്. നിവിനും മമിതയ്ക്കും പുറമേ, സം​ഗീത് പ്രതാപ്, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ് എന്നിവരുടെ ചില ഡയലോ​ഗുകളിലും ഇവരെ ഉപയോ​ഗിച്ച് കൊണ്ടുവരുന്ന റെഫറൻസുകളിലും സിനിമ കണ്ടിറങ്ങിയാലും ഓർത്ത് ചിരിക്കാനുള്ള വകയുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സിനോട് അടുത്തുള്ള ശ്യാം മോഹന്റെ പ്രകടനം. റെഫറൻസുകൾ സൂക്ഷ്മമായി സിനിമയിൽ അവതരിപ്പിക്കുന്നതിലുള്ള മിടുക്ക് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് സംവിധായകൻ. പിന്നെ, ഈ തലമുറ കേട്ടിരിക്കാൻ ഇടയില്ലാത്ത, കേട്ടവർ തന്നെ മറന്നിരിക്കാൻ സാധ്യതയുള്ള ചില പാട്ടുകൾ ഉപയോഗിക്കുന്ന വിധം. അതൊന്നും ഗിമ്മിക്കല്ല. സിനിമയെ റിലേറ്റബിൾ ആക്കുന്ന ഘടകങ്ങളാണ്. നമ്മളിങ്ങനെ ഇൻസ്റ്റഗ്രാമിൽ റീൽ സ്ക്രോൾ ചെയ്തു പോകുമ്പോൾ ചില ബാക്ക്ഗ്രൗണ്ട് മ്യൂസിക് കണ്ട് സ്റ്റക്കായി നിന്നുപോകാറില്ലേ? "ഇതേത് സിനിമയിലെ പാട്ടാണ്" എന്ന് ആലോചിച്ച് നോക്കാറില്ലേ? അത് ചിലപ്പോഴൊക്കെ ഗിരീഷ് എഡി പടങ്ങളിലും സംഭവിക്കാറുണ്ട്. ഈ ചിത്രത്തിൽ, 'യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ' എന്ന പാട്ട് വരുമ്പോഴും അതുതന്നെയാണ് സംഭവിക്കുന്നത്. ഇനി ആ പാട്ടിനൊപ്പം നിവിന്റെയും മമിതയുടേയും പാളിനോട്ടങ്ങളാകും നിങ്ങളുടെ മനസിലേക്ക് വരിക. 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചെറിയ പ്രണയചിത്രവും!

News Malayalam 24x7
newsmalayalam.com