ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയില്‍ ഭയം തോന്നുന്നു: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ഭൂമി പെഡ്‌നേക്കര്‍

2017ല്‍ നടന്ന നടി ആക്രമിക്കപ്പെട്ട കേസിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കുന്നത്
ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയില്‍ ഭയം തോന്നുന്നു: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ഭൂമി പെഡ്‌നേക്കര്‍
Published on


ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ പ്രതികരിച്ച് ബോളിവുഡ് നടി ഭൂമി പെഡ്‌നേക്കര്‍. കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നത് ഹൃദയഭേദകമായ വിവരങ്ങളാണെന്നാണ് ഭൂമി പറഞ്ഞത്. എബിപി നെറ്റ് വര്‍ക്ക്‌സിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ 2025ല്‍ സംസാരിക്കവെയാണ് താരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പറഞ്ഞത്.

'ഇന്ത്യന്‍ സിനിമ മേഖലയില്‍ ശരിയായ രീതിയില്‍ നിയമ വ്യവസ്ഥ പാലിച്ച് നടത്തിയ റിപ്പോര്‍ട്ടില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണ്. ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഭയം തോന്നുന്നു. ഇത് സിനിമ മേഖലയെ കുറിച്ച് മാത്രമല്ല', ഭൂമി പറഞ്ഞു.

'മുംബൈയില്‍ എന്റെ കൂടെ താമസിക്കുന്ന എന്റെ ചെറിയ കസിന്‍ കോളേജില്‍ പോയി 11 മണിയാകുമ്പോഴേക്കും വന്നില്ലെങ്കില്‍ എനിക്ക് പേടിയാകും. പത്രത്തിന്റെ ആദ്യ പേജില്‍ തന്നെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ വാര്‍ത്തയാണുള്ളത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്ഥിരമായി നടക്കുന്ന കാര്യമാണെന്നും', ഭൂമി കൂട്ടിച്ചേര്‍ത്തു.

2017ല്‍ നടന്ന നടി ആക്രമിക്കപ്പെട്ട കേസിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കുന്നത്. മൂന്ന് പേര്‍ അടങ്ങിയ കമ്മിറ്റി സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് പഠനം നടത്തുകയായിരുന്നു. തുടര്‍ന്ന് 2024 ആഗസ്റ്റില്‍ 233 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു.

നടിയാകുന്നതിന് മുന്നെ ഭൂമി യഷ് രാജ് ഫിലിംസില്‍ അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടര്‍ ആയാണ് പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് തനിക്കുണ്ടായിരുന്ന അനുഭവങ്ങളെ കുറിച്ചും താരം തുറന്ന് പറഞ്ഞു.

'ഞാന്‍ നടി ആകുന്നതിന് മുമ്പ് കാസ്റ്റിംഗ് ഇന്‍സ്റ്റിറ്റിയൂഷനിലായിരുന്നു. എന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ആയിരുന്ന അഭിമന്യു റായ് ഒരിക്കലും ഒരു സ്ത്രീയേയും ഞാന്‍ ഇല്ലാതെ കാസ്റ്റ് ചെയ്യില്ലായിരുന്നു. അത്തരമൊരു അന്തരീക്ഷത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്', ഭൂമി വ്യക്തമാക്കി.

ബോളിവുഡിലെ വേതന അസമത്വത്തെ കുറിച്ചും ഭൂമി സംസാരിച്ചിരുന്നു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. 'ഇത് സിനിമയിലെ മാത്രം പ്രശ്‌നമല്ല. എല്ലാ മേഖലകളിലുമുള്ള പ്രശ്‌നമാണിത്. നിങ്ങള്‍ ഏതെങ്കിലും വലിയ കമ്പനിയുടെ സിഇഒയെ നോക്കിയാലും അവള്‍ ഒരു സ്ത്രീയാണെങ്കില്‍, അവളുടെ ശമ്പളം കുറവായിരിക്കും. സിനിമയിലും ഇതേ പ്രശ്‌നമുണ്ട്. പലപ്പോഴും, കൂടുതല്‍ ബിസിനസ്സ് കൊണ്ടുവരുന്നത് നടന്മാരാണ് എന്ന് നമ്മള്‍ പറയാറുണ്ട്. അത് തികച്ചും ശരിയാണ്. ഇത് സീനിയോറിറ്റിയെക്കുറിച്ചല്ല. എന്റെ പുരുഷ സഹനടനെപ്പോലെ തന്നെ ഞാന്‍ നേട്ടങ്ങള്‍ കൈവരിച്ച സാഹചര്യങ്ങളിലും എനിക്ക് വളരെ കുറഞ്ഞ പ്രതിഫലം മാത്രമേ ലഭിച്ചിട്ടുള്ളൂ. എന്നാല്‍ സമത്വത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കൂടുതല്‍ നിര്‍മാതാക്കള്‍ വരുന്നതോടെ, ഈ വിടവ് കുറയാന്‍ തുടങ്ങുന്നതായി എനിക്ക് തോന്നുന്നു,' ഭൂമി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com