
ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കല്‍ക്കി 2898 എഡി. മിത്തും ഫിക്ഷനും ചേര്‍ന്ന ഐതിഹാസിക ലോകമാണ് സംവിധായകന്‍ നാഗ് അശ്വിന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. പ്രഭാസ് 'ഭൈരവ'എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ദിഷാ പടാനി, ശോഭന, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. ജൂണ്‍ 27ന് തീയേറ്ററുകളിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്നു.
സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ് സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ആരാധകര്‍. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന സിനിമയുടെ പ്രീ റിലീസിങ് ചടങ്ങില്‍ ബോളിവുഡിന്‍റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്‍ കല്‍ക്കിയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി. നിര്‍മാതാവ് അശ്വിനി ദത്തിന് പണം നല്‍കി ടിക്കറ്റ് വാങ്ങുന്ന അമിതാഭ് ബച്ചന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ആര്‍ക്കെങ്കിലും ഈ ടിക്കറ്റ് സമ്മാനമായി നല്‍കണമെന്ന് തോന്നിയാല്‍ ആര്‍ക്ക് കൊടുക്കും എന്ന അവതാരകയുടെ ചോദ്യത്തിന് 'എന്‍റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനും സഹോദരനുമായ കമല്‍ഹാസന് നല്‍കും' എന്നായിരുന്നു ബിഗ് ബിയുടെ മറുപടി. വേദിയില്‍ വച്ച് കല്‍ക്കിയുടെ ടിക്കറ്റ് അമിതാഭ് ബച്ചന്‍ കമലിന് കൈമാറുകയും ചെയ്തു.
'ഈ പരിപാടി ഏകദേശം അഞ്ച് പതിറ്റാണ്ട് മുമ്പാണ് നടന്നിരുന്നതെങ്കില്‍ ഷോലെയുടെ ആദ്യ ടിക്കറ്റ് അദ്ദേഹം എനിക്ക് തന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു' എന്നായിരുന്നു കമലിന്റെ പ്രതികരണം. പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാഞ്ജി ആലപിച്ച ഭൈരവ ഗാനവും ചടങ്ങില്‍ റിലീസ് ചെയ്തു.
മഹാഭാരതത്തിലെ കഥാപാത്രമായ അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചന്‍ കല്‍ക്കിയിലെത്തുന്നത്. ട്രെയിലറില്‍ നിന്ന് കമല്‍ഹാസന്‍റെ കഥപാത്രത്തിന് ഒരു വില്ലന്‍ പരിവേഷവും ലഭിക്കുന്നുണ്ട്. എഡി 2898-ന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.