
മലയാളികളുടെ പ്രിയനടന്‍ ബിജു മേനോന്‍ വീണ്ടും തമിഴിലേക്ക്. ഗജിനി, തുപ്പാക്കി,ഏഴാം അറിവ് അടക്കം ഹിറ്റ് ചിത്രങ്ങളൊരുക്കിയ എ. ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിലൂടെയാണ് ബിജു മേനോന്‍റെ തമിഴിലേക്കുള്ള തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിജു മേനോനെ സ്വാഗതം ചെയ്തു കൊണ്ട് നിര്‍മാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
'ദൈവത്തിന്‍റെ നാട്ടില്‍ നിന്നുള്ള ഒരു ഗംഭീര നടന്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു' എന്നാണ് ബിജു മേനോന്‍റെ സാന്നിധ്യത്തെ കുറിച്ച് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കന്നത്. ആക്ഷന് പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമാകും എസ്.കെ - മുരുഗദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. കന്നഡ താരം രുഗ്മിണി വസന്ത് ആണ് നായിക. വിദ്യുത് ജംവാലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.
മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളുമായി തിളങ്ങുന്ന ബിജു മേനോന്‍ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തിയത്. 2005ൽ ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മജാ' ആണ് ബിജു മേനോന്റെ ആദ്യ തമിഴ് ചിത്രം. 2010-ൽ പുറത്തിറങ്ങിയ പോർക്കളത്തിലാണ് അദ്ദേഹം ഇതിനുമുൻപ് തമിഴിൽ അഭിനയിച്ചത്.