
ഒക്ടോബര്‍ 17ന് തീയേറ്ററുകളിലെത്തുന്ന അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ തുടങ്ങിയ ഗംഭീര താരനിരയുമായെത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ഡ്രാമ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമല്‍ നീരദ്- മമ്മൂട്ടി ടീമിന്‍റെ ഡ്രീം പ്രൊജക്ടായ ബിലാലിനെ കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു. ഭീഷ്മപര്‍വ്വത്തിന് ശേഷം മമ്മൂട്ടിയെ വീണ്ടും അമല്‍ നീരദിന്‍റെ ഫ്രെയിമില്‍ കാണാന്‍ കഴിയുന്നത് ബിലാലിലൂടെ ആകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബോഗയ്ൻവില്ലയുടെ ചിത്രീകരണത്തിനിടെ ബിലാലിനെക്കുറിച്ച് അമൽ നീരദ് എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു കുഞ്ചാക്കോ ബോബനോട് മാധ്യമങ്ങള്‍ ചോദിച്ചത്. ബോഗയ്ന്‍വില്ലയുടെ എന്‍ഡ് ക്രെഡിറ്റില്‍ അത് നമുക്ക് കാണാന്‍ സാധിക്കും, അതിനായി കാത്തിരിക്കാം എന്നാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്. ഇതുകേട്ട് വേദിയിലുണ്ടായിരുന്ന ജ്യോതിര്‍മയിയും വീണ നന്ദകുമാറും ശ്രിന്ദയും അതിശയത്തോടെ ചിരിക്കുന്നതാണ് കണ്ടത്. പിന്നാലെ കുഞ്ചാക്കോ ബോബനും ചിരിയില്‍ പങ്കുചേർന്നു.
ബിലാലില്‍ അഭിനയിക്കുന്നുണ്ടോ എന്നും കുഞ്ചാക്കോ ബോബനോട് ചോദ്യം വന്നു. എല്ലാവരെയും പോലെ താനും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം മറുപടി നല്‍കി. ബിലാലില്‍ താനുണ്ടെങ്കില്‍ വളരെ ഹാപ്പിയായിരിക്കും. അത്തരം ചിന്തകളും പ്രതീക്ഷകളും ഉണ്ടാകട്ടെ എന്നും ആഗ്രഹിക്കുകയാണെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. അമല്‍നീരദ് പ്രൊഡക്ഷന്‍സും ഉദയ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം.