
മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. 4K ഡോള്‍ബി അറ്റ്മോസില്‍ പുതിയ ലുക്കിലെത്തുന്ന മണിച്ചിത്രത്താഴിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നീണ്ട 31 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സിനിമയുടെ രണ്ടാം വരവ് നേരില്‍ കാണാന്‍ സിനിമയുടെ ഭാഗമായിരുന്ന പല കലാകാരന്മാരും ഇന്ന് ജീവിച്ചിരിപ്പില്ല. ചിത്രത്തിലുടനീളം ഗംഭീര പ്രകടനം നടത്തിയ കുതിരവട്ടം പപ്പുവിന്‍റെ കാട്ടുപറമ്പനെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. മണിച്ചിത്രത്താഴ് റി റീലീസ് ചെയ്യാനിരിക്കെ കുതിരവട്ടം പപ്പുവിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് മകന്‍ ബിനു പപ്പു.
' അച്ഛൻ മരിച്ച് 24 വർഷങ്ങൾക്കു ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ അതിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്യാൻ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നൽകുന്ന കാര്യമാണ്...സിനിമയുടെ സൗന്ദര്യവും, ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങൾക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അച്ഛനെപ്പോലെയുള്ള മറ്റു കലാകാരന്മാർ എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നിൽ വന്നു കൊണ്ടേയിരിക്കും...
കലാകാരൻമാർക്ക് മരണമില്ല... ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും , ചിന്തിപ്പിച്ചും സിനിമ അവരെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കും '- ബിനു പപ്പു കുറിച്ചു.
മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഓഗസ്റ്റ് 17-നാണ് തിയേറ്ററുകളിലെത്തുന്നത്. റി റിലീസിന് മുന്നോടിയായി മണിച്ചിത്രത്താഴിന്‍റെ ടീസറും പുറത്തുവിട്ടിരുന്നു. സ്ഫടികം, ദേവദൂതന്‍ എന്നി സിനിമകള്‍ റി റിലീസിന് ലഭിച്ച മികച്ച പ്രതികരണം മണിച്ചിത്രത്താഴിനും ലഭിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ഫാസിലിന്‍റെ സംവിധാനത്തില്‍ മധു മുട്ടത്തിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മിച്ചത്.