ആടുജീവിതത്തില്‍ നിന്നും വലിയ സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ല; ബ്ലെസി

യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു
ആടുജീവിതത്തില്‍ നിന്നും വലിയ സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ല; ബ്ലെസി
Published on



പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ബെന്ന്യാമിന്‍ എഴുതി ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. 10 വര്‍ഷമെടുത്താണ് ബ്ലെസി ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടിയോളം നേടിയിരുന്നു. നിലവില്‍ ചിത്രത്തിന്റെ ബജറ്റും താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ബ്ലെസി ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ചര്‍ച്ചയാവുകയാണ്. ആടുജീവിതം എന്ന ചിത്രം സാമ്പത്തിക ലാഭം ഉണ്ടാക്കാനായിട്ടില്ലെന്നാണ് ബ്ലെസി പറഞ്ഞത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

'ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാന്‍ കഴിയില്ല. കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കളക്ഷന്‍ ബോക്സ് ഓഫീസില്‍ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ കിട്ടിയ കളക്ഷന്‍ നോക്കുമ്പോള്‍ ആടുജീവിതം സാമ്പത്തികലാഭം തന്നെന്ന് പലര്‍ക്കും തോന്നും. പക്ഷേ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളൂ', ബ്ലെസി പറഞ്ഞു.

'എന്നാല്‍ ആ സിനിമ കൊണ്ട് മറ്റ് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു. ഒരുപാട് സ്ഥലത്ത് ആ സിനിമ ചര്‍ച്ചചെയ്യപ്പെട്ടു. ഒരു മലയാളസിനിമക്ക് കിട്ടാവുന്നതില്‍ വെച്ച് നല്ല റീച്ച് ആ സിനിമക്ക് കിട്ടിയിട്ടുണ്ട്. അതിന് പുറമെ ഒരുപാട് പുരസ്‌കാരങ്ങള്‍ ആടുജീവിതം സ്വന്തമാക്കി. അതെല്ലാം നോക്കുമ്പോള്‍ ആടുജീവിതം നഷ്ടം വരുത്തിയെന്ന് പറയാന്‍ കഴിയില്ല,' ബ്ലെസി വ്യക്തമാക്കി.


യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. എ ആര്‍ റഹ്‌മാനായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. അമല പോള്‍, ഗോകുല്‍, ജിമ്മി ജീന്‍ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപത്രങ്ങള്‍. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com