

കൊച്ചി: ഇന്ത്യയിൽ ഇഡിയെ ഭയന്നാണ് കലാകാരന്മാർ നിശബ്ദത പാലിക്കുന്നതെന്ന് സംവിധായകന്‍ ബ്ലെസി. 'ആടുജീവിത'ത്തിന് ദേശീയ അവാർഡ് നിഷേധിച്ചതില്‍ പ്രതികരിക്കാതെ ഇരുന്നത് ഭയം കാരണമാണെന്ന് സംവിധായകന്‍ വ്യക്തമാക്കി. ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യങ്ങള്‍ തുറന്നു സംസാരിച്ചത്.
ഗാസ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ശബ്ദം നേർത്തുപോയോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ബ്ലെസി."ഗാസയിലെ അനീതിയോട് വലിയ അകലത്തില്‍ ഇരിക്കുന്ന നമുക്കിടയിലെ ചെറിയ ശബ്ദങ്ങൾ പോലും ഉച്ചത്തിലാക്കാൻ കഴിയുന്നില്ല. ഭയമാണ് അതിന് കാരണം.ഭരണകൂടങ്ങളോടുള്ള ഭയം, നിലനിൽപ്പിനോടുള്ള ഭയം, സ്വന്തത്തോടുള്ള ഭയം. ആ ഭയങ്ങൾ കൊണ്ടാണ് പലപ്പോഴും നമ്മുടെ പ്രതികരണങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷങ്ങൾ ഉണ്ടാവുന്നത്. ഞാനുൾപ്പെടുന്ന കലാകാരന്മാരും പ്രതികരണത്തെ ഭയപ്പെടുകയാണ്. ധൈര്യകുറവല്ല. മറിച്ച് ധൈര്യത്തെ മൂടുന്ന ഭയമാണ് പ്രശ്നം," ബ്ലെസി പറയുന്നു.
ഗൾഫിൽ നടന്ന സൈമ അവാർഡ് ദാന ചടങ്ങിൽ ബെസ്റ്റ് ഫിലിം ഡയറക്ടർ എന്ന നിലയിൽ പങ്കെടുത്തപ്പോൾ 'മഹാരാജ' എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമയുടെ സംവിധായകൻ നിതിലന്‍ സാമിനാഥന്‍ ഭക്ഷണം കഴിക്കുന്നതിനിടയിൽ തന്നോട് ദേശീയ അവാർഡിനെപ്പറ്റി ചോദിച്ചതിനെപ്പറ്റിയും ബ്ലെസി ഓർത്തെടുക്കുന്നു. നാഷണൽ അവാർഡ് കിട്ടാതെ പോയപ്പോൾ നിങ്ങൾ സോഫ്റ്റായിട്ടാണല്ലോ പ്രതികരിച്ചതെന്നായിരുന്നു ചോദ്യം. "എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. സ്വസ്ഥത നഷ്ടമാവും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങിനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം കലാകാരന്മാർ പോലും മൗനം പാലിക്കാൻ നിർബന്ധിതരാവുകയാണ്," എന്നായിരുന്നു ബ്ലെസിയുടെ മറുപടി.
ഇസ്രയേലിൽ നടക്കുന്ന ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചതായും ബ്ലെസി പറഞ്ഞു. ഈ മാസം ഡിസംബറിൽ നടക്കുന്ന 'വെലൽ ' ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് സംവിധായകന്‍ നിരസിച്ചത്. പലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഫെസ്റ്റിവലിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്.