വ്യക്തിത്വ അവകാശം സംരക്ഷിക്കണം! ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജിയുമായി ഹൃത്വിക് റോഷന്‍

ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, കരൺ ജോഹർ തുടങ്ങിയ പ്രമുഖർ വ്യക്തിത്വ അവകാശങ്ങള്‍ക്കായി കോടതിയെ സമീപിച്ചിരുന്നു
ബോളിവുഡ് താരം ഹൃത്വിക് റോഷന്‍
ബോളിവുഡ് താരം ഹൃത്വിക് റോഷന്‍Source: X/ @iHrithik
Published on

ന്യൂഡല്‍ഹി: നിർമിത ബുദ്ധിയുടെ അതിവേഗ വളർച്ച സാങ്കേതികമായി വലിയ കുതിച്ചു ചാട്ടത്തിന് വഴിവയ്‌ക്കുമ്പോള്‍ തന്നെ അത് സെലിബ്രിറ്റികളുടെ വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും ഭീഷണിയുയർത്തുന്ന കാലമാണിത്. സ്വന്തം വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, കരൺ ജോഹർ തുടങ്ങിയ പ്രമുഖർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇപ്പോള്‍, ഈ നിരയിലേക്ക് പുതിയ ഒരു സെലിബ്രിറ്റി കൂടിയെത്തിയിരിക്കുന്നു.

ഹൃത്വിക് റോഷനാണ് തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തികമായ നേട്ടത്തിനായി തന്റെ പേര്, പ്രതിച്ഛായ, സാദൃശ്യം, വ്യക്തിത്വത്തിന്റെ മറ്റ് വശങ്ങൾ എന്നിവ മൂന്നാം കക്ഷികള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് നടന്റെ ഹർജി. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറയാകും ഈ കേസ് പരിഗണിക്കുക.

ബോളിവുഡ് താരം ഹൃത്വിക് റോഷന്‍
അപ്പോ പൊളിക്കുവല്ലേ... ഷാജി പാപ്പന്‍ ഇതാ വരുന്നു; വീഡിയോ പങ്കുവെച്ച് ജയസൂര്യ

ഗായകന്‍ കുമാർ സാനുവും തന്റെ വ്യക്തിത്വവും പേര്, ശബ്ദം, വോക്കൽ സ്റ്റൈല്‍, ടെക്നിക്സ് തുടങ്ങിയ പരസ്യ അവകാശങ്ങളും സംരക്ഷിക്കാന്‍ നിയമപരമായി നീങ്ങിയിരുന്നു. തന്റെ വ്യക്തിത്വത്തിന്റെ ഇത്തരം വശങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതില്‍ നിന്ന് സംരക്ഷണം തേടിയായിരുന്നു ഗായകന്റെ ഹർജി. ഇത് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിനോ വഞ്ചനയ്‌ക്കോ കാരണമാകുകയും ദുർബലപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു സാനുവിന്റെ വാദം.

ഒരാളുടെ പേര്, ചിത്രം, ശബ്ദം, അല്ലെങ്കിൽ വ്യക്തിത്വവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന എന്തിനും മേലുള്ള അവകാശങ്ങളാണ് വ്യക്തിത്വ അവകാശങ്ങൾ എന്ന് അറിയപ്പെടുന്നത്. ഇന്ത്യയിൽ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ വ്യക്തമായ നിയമം നിലവിലില്ല. എന്നാല്‍, യൂട്യൂബ് പ്രധാന എതിർകക്ഷിയായ അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ ഹർജി പരിഗണിച്ച കോടതി വ്യക്തിത്വ അവകാശ ലംഘനത്താല്‍ താരങ്ങൾക്ക് സാമ്പത്തിക നഷ്ടവും, ‘മാന്യതയ്ക്കും സൽപ്പേരിനും’ കോട്ടവും വരുത്തുന്നതായി വിലയിരുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ, അഭിഷേകും ഐശ്വര്യയും പ്രത്യേകമായി നൽകിയ 518 വെബ്സൈറ്റ് ലിങ്കുകളും പോസ്റ്റുകളും ഉടൻ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി സെപ്റ്റംബർ ആദ്യം ഉത്തരവിട്ടിരുന്നു.

ബോളിവുഡ് താരം ഹൃത്വിക് റോഷന്‍
ചിന്മയിയുടെ ശബ്ദത്തില്‍ പാതിരാത്രിയിലെ 'നിലഗമനം'; പ്രോമോ ഗാനം പുറത്ത്

അടുത്തിടെ, തെലുങ്ക് നടൻ അക്കിനേനി നാഗാർജുനയും, ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറും, പത്രപ്രവർത്തകൻ സുധീർ ചൗധരിയും വ്യക്തിത്വത്തിന്റെയും പരസ്യത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ, പ്രശസ്ത നടൻ അനിൽ കപൂറിൻ്റെ പ്രതിച്ഛായയും ശബ്ദവും ഡയലോഗുകളും ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഡൽഹി കോടതി 2023ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com