ബോളിവുഡ് നടി പരിണീതി ചോപ്രയ്ക്കും രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഈ സന്തോഷ വാർത്ത ദമ്പതികള്‍ അറിയിച്ചത്.
"ഒടുവില്‍ അവന്‍ എത്തിയിരിക്കുന്നു. ഞങ്ങളുടെ ആണ്‍കുഞ്ഞ്. അക്ഷരാർഥത്തില്‍ ഇതിന് മുന്‍പുള്ള ജീവിതം ഓർക്കാന്‍ പോലും കഴിയുന്നില്ല. കൈകള്‍ നിറയുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞു തുളുമ്പുന്നു. ആദ്യം ഞങ്ങൾക്ക് ഞങ്ങള്‍ പരസ്പരം ഉണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് എല്ലാമുണ്ട്," അവർ കുറിച്ചു.
2023 സെപ്റ്റംബർ 24 ന് ആണ് നടി ആം ആദ്മി നേതാവായ രാഘവ് ഛദ്ദയെ വിവാഹം കഴിക്കുന്നത്. മാസങ്ങള്‍ നീണ്ട ഡേറ്റിങ്ങിന് ശേഷമായിരുന്നു വിവാഹം. രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നടന്ന ആഡംബരപൂർണമായ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതായി പരിണീതി ആരാധകരെ അറിയിക്കുന്നത്.
അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത പരിണീതി ചോപ്ര അടുത്തിടെ തന്റെ യൂട്യൂബ് ചാനല്‍ സജീവമാക്കുന്നതായി അറിയിച്ചിരുന്നു. വ്യത്യസ്ത മേഖലകളില്‍ പ്രവർത്തിക്കുന്ന ആളുകളുമായുള്ള രസകരമായ സംഭാഷണ പരമ്പരയ്ക്ക് നടി തുടക്കം കുറിക്കുകയും ചെയ്തു. 'ഫേക്ക് ടോക്ക് ഷോ' എന്ന് പേരിട്ട ഈ സീരിസിലെ ആദ്യ അതിഥി പങ്കാളിയായ രാഘവ് ഛദ്ദ തന്നെയായിരുന്നു.
2024 ല്‍ റിലീസായ ഇംതിയാസ് അലി ചിത്രം 'അമർ സിംഗ് ചംകീല'യാണ് പരിണീതിയുടെ അവസാനമായിറങ്ങിയ ചിത്രം. നെറ്റ്‌ഫ്ലിക്സ് റിലീസായി എത്തിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക അഭിപ്രായം ലഭിച്ചിരുന്നു. കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായി എത്തിയ പരിണീതിയുടെ പ്രകടനവും കയ്യടികള്‍ നേടി.