
മലയാള സിനിമയെ കുറിച്ചും ഫഹദ് ഫാസിലിനെ കുറിച്ചും സംസാരിച്ച് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ദ സ്ട്രീമിങ് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കരണ്‍ സംസാരിച്ചത്. ചെറിയ സ്‌കെയിലില്‍ മലയാളത്തില്‍ സിനിമ ചെയ്യുന്നത് പോലെ ബോളിവുഡിന് സാധ്യമാകുമോ എന്നാണ് അവതാരകന്‍ കരണ്‍ ജോഹറിനോട് ചോദിച്ചത്. ബോളിവുഡ് ചിലവേറിയ വ്യവസായമാണെന്നാണ് അദ്ദേഹം ചോദ്യത്തിന് നല്‍കിയ മറുപടി. ആവേശം, ആലപ്പുഴ ജിംഖാന, മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകള്‍ ഉദാഹരണമാക്കിയായിരുന്നു അവതാരകന്റെ ചോദ്യം.
"ആ സിനിമകളുടെ സെറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഈ ചോദ്യത്തിന് എന്റെ കയ്യില്‍ ഉത്തരമില്ല. നിങ്ങള്‍ പറഞ്ഞ സിനിമകള്‍ എനിക്ക് വളരെയേറെ ഇഷ്ടമായി. ആവേശം മികച്ച ഒരു സിനിമയാണ്. ഫഹദ് ഫാസില്‍ മികച്ച നടന്മാരില്‍ ഒരാളാണ്.ക്ലൈമാക്‌സില്‍ എത്തിയപ്പോള്‍ എനിക്ക് ശ്വാസം മുട്ടിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമയുടെ അവസാനം ഭാഗം വളരെ മികച്ചതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമകളുടെ ബജറ്റ് എന്നെ അത്ഭുതപ്പെടുത്തി", കരണ്‍ പറഞ്ഞു.
"ഇത്രയും ചെറിയ ബജറ്റില്‍ ഒരു സിനിമ എങ്ങനെ നിര്‍മിക്കണമെന്ന് എനിക്കറിയില്ല. അത് മുംബൈ സിറ്റിയില്‍ സാധ്യമല്ല. ബോളിവുഡില്‍ നിന്നുള്ള ടെക്‌നീഷ്യന്‍, സിനിമയോട് ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ എല്ലാം വളരെ എക്‌സ്‌പെന്‍സീവ് ആണ്. നിങ്ങള്‍ക്ക് എങ്ങനെ ഇത്രയധികം സിനിമ നിര്‍മിക്കാന്‍ കഴിയുന്നു. ഞങ്ങള്‍ക്ക് കഴിയില്ല, കാരണം ഞങ്ങളുടെ പ്രതിഫലത്തിന്റെ സ്‌കെയില്‍ കൂടുതലാണ്, ഞങ്ങള്‍ ചെലവേറിയ ഇന്‍ഡസ്ട്രിയാണ്. അത് മാറ്റാന്‍ ഒരിക്കലും സാധിക്കില്ല", എന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ധടക് 2 ആണ് കരണ്‍ ജോഹറിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്. തൃപ്തി ദിമ്രി, സിദ്ധാന്ധ് ചതുര്‍വേദി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഓഗസ്റ്റ് ഒന്നിന് തിയേറ്ററിലെത്തിയ ചിത്രം പരിയേറും പെരുമാളിന്റെ ഹിന്ദി റീമേക്കാണ്.