
ഇന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസാണ് ധൂം. അടുത്തിടെ ധൂം 4ന്റെ പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നിരുന്നു. അഭിഷേക് ബച്ചന് പകരം രണ്‍ബീര്‍ കപൂര്‍ ആയിരിക്കും ധൂം 4ല്‍ അഭിനയിക്കുക എന്നതായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
വേക്ക് അപ്പ് സിദ്ദ്, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അയാന്‍ മുഖര്‍ജി ആയിരിക്കും ധൂം 4 സംവിധാനം ചെയ്യുന്നത് എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ 2 എന്ന ചിത്രത്തിന്റെ സംവിധാന പരിപാടികളിലാണ് അയാന്‍ മുഖര്‍ജി ഇപ്പോള്‍. നിര്‍മ്മാതാവ് ആയ ആദിത്യ ചോപ്രയ്ക്ക് വാര്‍ 2വിലെ അയാന്റെ വര്‍ക്ക് ഇഷ്ടപ്പെട്ടതിനാലാണ് ധൂം 4 സംവിധാനം ചെയ്യാന്‍ അയാനെ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ധൂം ഫ്രാഞ്ചൈസിലെ മറ്റ് താരങ്ങള്‍ ഒന്നും തന്നെ പുതിയ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എല്ലാ ധൂം സിനിമകളിലും അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ യുവ താരങ്ങളിലെ വലിയ ഹീറോകളായിരിക്കും അവര്‍ക്ക് പകരം സിനിമയില്‍ ഉണ്ടാവുക. ധൂം 4 ധൂം ഫ്രാഞ്ചൈസിലെ ഏറ്റവും വലിയ ചിത്രം മാത്രമായിരിക്കില്ല. ആഗോള നിലവാരത്തിലുള്ള സിനിമയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭിഷേക് ബച്ചന്‍, ആമിര്‍ ഖാന്‍, കത്രീന കൈഫ്, ഉദയ് ചോപ്ര എന്നിവരായിരുന്നു അവസാനത്തെ ധൂം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ധൂം 4 2025 അവസാനമോ 2026 ആദ്യമോ തിയേറ്ററിലെത്തുമെന്നാണ് സൂചന.