
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ജൂലൈ 12-ന് ചിത്രം തീയേറ്ററുകളിലെത്താനിരിക്കെയാണ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മര്‍മ്മകല അധ്യാപകനായ ആശാന്‍ രാജേന്ദ്രന്‍ മധുര ജില്ലാ കോടതിയെ സമീപിച്ചത്. 1996-ല്‍ റിലീസായ ഇന്ത്യന്‍റെ ആദ്യ ഭാഗത്തില്‍ സേനാപതിയായെത്തിയ കമല്‍ഹാസനെ മര്‍മ്മ കല അഭ്യസിപ്പിച്ചത് താനായിരുന്നുവെന്ന് രാജേന്ദ്രന്‍ അവകാശപ്പെട്ടു. സിനിമയുടെ രണ്ടാം ഭാഗത്തിലും തന്‍റെ വിദ്യകള്‍ അനുവാദമില്ലാതെ ഉപയോഗിച്ചിട്ടുണ്ടെന്നും ആശാന്‍ രാജേന്ദ്രന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ജൂലൈ 9-ന് മധുര ജില്ലാ കോടതി കേസ് പരിഗണിച്ചിരുന്നു. ഹര്‍ജിക്കാരന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് ജൂലൈ 11-ലേക്ക് മാറ്റിയെന്ന് എഎന്‍ഐയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
മധുര എച്ച്എംഎസ് കോളനിയില്‍ ആയോധന കല പരീശീലനം നല്‍കുന്ന ആളാണ് ഹര്‍ജിക്കാരനായ ആശാന്‍ രാജേന്ദ്രന്‍. കഥാപാത്രത്തനായി കമല്‍ഹാസന്‍ എങ്ങനെയാണ് പരിശീലനം നേടിയത് എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്ന് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ശങ്കര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇന്ത്യന്‍ രണ്ടാം ഭാഗത്തിനായി മര്‍മ്മകല വിദ്ഗധനായ കേരളത്തില്‍ നിന്നുള്ള പ്രകാശം ഗുരുക്കളുടെ മാര്‍ഗനിര്‍ദേശം സ്വീകരിച്ചിരുന്നതായി ശങ്കര്‍ പറഞ്ഞു. വയോധികനായ കമലിന്‍റെ കഥാപാത്രം മര്‍മ്മ കല ഉപയോഗിച്ച് എതിരാളികളെ നേരിടുന്നത് ഇന്ത്യന്‍ ഒന്നാം ഭാഗത്തിലും അടുത്തിടെ ഇറങ്ങിയ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലറിലും കാണാം.
ജൂലൈ 12-ന് തിയേറ്ററുകളിലെത്തുന്ന ഇന്ത്യന്‍-2 തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, കാജള്‍ അഗര്‍വാള്‍, വിവേക്, ബോബി സിംഹ, നെടുമുടി വേണു, പ്രിയാ ഭവാനി ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവി വര്‍മ്മന്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജെയിന്‍റ് മൂവീസ് എന്നിവരുടെ ബാനറില്‍ സുഭാസ്കരനും ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.