'പരിയേറും പെരുമാളിന്റെ' ഹിന്ദി റീമേക്കിന് 16 സെന്‍സര്‍ കട്ടുകള്‍; ജാതി വിവേചനവുമായി ബന്ധപ്പെട്ട സീനുകള്‍ മാറ്റണം

2024 നവംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പിന്നീട് അത് 2025 മാര്‍ച്ചിലേക്ക് മാറ്റി. എന്നാല്‍ സിനിമയിലെ ജാതി വിവേചനത്തെ കുറിച്ചുള്ള പരമാര്‍ശം കാരണം സെന്‍സര്‍ ബോര്‍ഡില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിട്ടത് റിലീസ് വീണ്ടും നീട്ടി
'പരിയേറും പെരുമാളിന്റെ' ഹിന്ദി റീമേക്കിന് 16 സെന്‍സര്‍ കട്ടുകള്‍; ജാതി വിവേചനവുമായി ബന്ധപ്പെട്ട സീനുകള്‍ മാറ്റണം
Published on


കരണ്‍ ജോഹര്‍ തന്റെ ഏറ്റവും പുതിയ പ്രൊജക്ടായ 'ധടക് 2' 2024 മെയിലാണ് പ്രഖ്യാപിച്ചത്. സിദ്ധാന്ദ് ചതുര്‍വേദിയും ത്രിപ്തി ദിമ്രിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 2024 നവംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പിന്നീട് അത് 2025 മാര്‍ച്ചിലേക്ക് മാറ്റി. എന്നാല്‍ സിനിമയിലെ ജാതി വിവേചനത്തെ കുറിച്ചുള്ള പരമാര്‍ശം കാരണം സെന്‍സര്‍ ബോര്‍ഡില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിട്ടത് റിലീസ് വീണ്ടും നീട്ടി.

ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജാതി വിവേചനത്തെ കുറിച്ച് പരാമര്‍ശിക്കുന്ന സീനുകളും വയലന്‍സ് സീനുകളും ധടക് 2വില്‍ നിന്ന് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ, "3000 വര്‍ഷങ്ങളായി കെട്ടികിടക്കുന്ന കാര്യങ്ങള്‍ വെറും 70 വര്‍ഷം കൊണ്ട് തീര്‍ക്കാനാവില്ല", എന്ന ഡയലോഗ് "കാലങ്ങളായി നിലനില്‍ക്കുന്ന വിവേചനത്തിന്റെ കെട്ടികിടക്കുന്ന കാര്യങ്ങള്‍ വെറും 70 വര്‍ഷം കൊണ്ട് തീര്‍ക്കാനാകില്ല" എന്ന് മാറ്റി.

ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ഒരു ഉപമയെ പരാമര്‍ശിക്കുന്ന സംഭാഷണവും മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലേഷിന്റെ അച്ഛനെ അപമാനിക്കുന്ന മൂന്ന് മിനിറ്റ് സീനിലെ 16 സെക്കന്റും മാറ്റിയിട്ടുണ്ട്. സിനിമ തുടങ്ങുന്നതിന് മുമ്പുള്ള 20 സെക്കന്റ് മുന്നറിയിപ്പ് 51 സെക്കന്റാക്കി മാറ്റി. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുള്ള സീനുകള്‍ക്കും മാറ്റം വരുത്തിയിട്ടുണ്ട്. ചിത്രത്തിലെ ഒരു പാട്ടില്‍ തുളസി ദാസിന്റെ ദോഹയുണ്ടായിരുന്നു. അത് പൂര്‍ണമായും എടുത്തുകളയുകയും ചെയ്തു. നിലവില്‍ 'ധടക് 2'ന് U/A 16+ സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

2018ല്‍ പുറത്തിറങ്ങിയ മാരിസെല്‍വരാജ് ചിത്രം 'പരിയേറും പെരുമാളിന്റെ' ഹിന്ദി റീമേക്കാണ് ചിത്രം. 'പരിയേറും പെരുമാള്‍' നാല് സെന്‍സര്‍ കട്ടുകളോടെയാണ് റിലീസ് ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com