"ഹൃദയ ഭേദകം, വേദനാജനകം"; പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് താരങ്ങള്‍

മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. എമ്പുരാന്‍ എന്ന സിനിമ ചെയ്തതിന്റെ പേരിലാണ് പൃഥ്വിരാജിനും മോഹന്‍ലാലിനും എതിരെ ഇപ്പോള്‍ സൈബര്‍ ആക്രമണം നടക്കുന്നത്
"ഹൃദയ ഭേദകം, വേദനാജനകം"; പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച്  താരങ്ങള്‍
Published on



പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് മലയാള സിനിമാ താരങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങള്‍ സമൂഹമാധ്യമത്തില്‍ ഭീകരാക്രമണത്തെ ഹൃദയ ഭേദകമെന്ന് വിശേഷിപ്പിച്ചു. പഹല്‍ഗാമിലെ ബൈസാരന്‍ വാലിയിലാണ് ഭീകരാക്രമണം നടന്നത്. ഇന്നലെ ആയിരിന്നു ജമ്മു കശ്മീരില്‍ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യതത്. 28പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

"പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് കാണേണ്ടി വന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവന്‍ എടുക്കുന്നത് ഒരു കാരണവശാലും ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്ക്, നിങ്ങളുടെ ദുഃഖം വാക്കുകള്‍ക്കും അപ്പുറമാണെന്ന് അറിയാം. ഒരിക്കലും നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് അറിയുക. രാജ്യം മുഴുവനും ഈ ദുഃഖത്തില്‍ നിങ്ങളോടൊപ്പമുണ്ട്. നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം. ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്", എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. എമ്പുരാന്‍ എന്ന സിനിമ ചെയ്തതിന്റെ പേരിലാണ് പൃഥ്വിരാജിനും മോഹന്‍ലാലിനും എതിരെ ഇപ്പോള്‍ സൈബര്‍ ആക്രമണം നടക്കുന്നത്.

"പഹല്‍ഗാം ഭീകരാക്രമണം തീര്‍ത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ വാക്കുകള്‍ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്. രാജ്യം മുഴുവന്‍ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാര്‍ഢ്യത്തിലും ഒറ്റക്കെട്ടായി നില്‍ക്കുന്നു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞങ്ങളുടെ സായുധ സേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല", എന്ന് മമ്മൂട്ടിയും കുറിച്ചു. ഇവര്‍ക്ക് പുറമെ രാജ്യത്തെ വിവിധ സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖ താരങ്ങളും അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടത്തിയ ഭീകരരേയും അവര്‍ക്ക് പിന്നിലുള്ള ഗൂഢാലോചനക്കാരേയും കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണത്തിലാണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്ക് (എല്‍ഇടി) കീഴിലുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ചൊവ്വാഴ്ച തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com