

ചെന്നൈ: വിജയ് നായകനായ 'ജന നായകൻ' സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ഉടൻ അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് എതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സെൻസർ ബോർഡ്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെയാണ് ബോർഡ് സമീപിച്ചിരിക്കുന്നത്. അപ്പീൽ കോടതി ഇന്ന് തന്നെ പരിഗണിച്ചേക്കും.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് 'ജന നായകൻ' നിർമാതാക്കൾക്ക് വലിയ ആശ്വാസമായിരുന്നു. സിനിമയ്ക്ക് ഉടനടി 'U/A' സർട്ടിഫിക്കറ്റ് നൽകാനാണ് ജസ്റ്റിസ് പി.ടി. ആശയുടെ നിർദേശം. സിനിമ കണ്ട സമിതിയിലെ ഒരു അംഗം തന്നെ പിന്നീട് പരാതിയുമായി വന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത ഒന്നാണെന്നും ഇത്തരം പരാതികൾ സ്വീകരിക്കുന്നത് അപകടകരമായ ഒരു പ്രവണതയ്ക്ക് വഴിയൊരുക്കുമെന്നും കോടതി നിരീക്ഷിച്ചു.
സിനിമ റിവൈസിങ് കമ്മിറ്റിക്ക് അയച്ച സെൻസർ ചെയർമാന്റ നടപടിയേയും കോടതി വിമർശിച്ചു. സിനിമ പുനഃപരിശോധനയ്ക്ക് അയച്ചുകൊണ്ട് ജനുവരി ആറിന് സെൻസർ ബോർഡ് ചെയർപേഴ്സൺ നൽകിയ കത്തിന് നിയമപരമായ അധികാരമില്ലെന്ന് കോടതി വിധിച്ചു. സമിതി നിർദേശിച്ച മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. ചെയർമാന്റെ ഉത്തരവ് നിയമവിരുദ്ധമായതിനാൽ, കോടതിയുടെ സഹജമായ അധികാരം ഉപയോഗിച്ച് ആ ഉത്തരവ് റദ്ദാക്കുന്നതായും കോടതി അറിയിച്ചു. ഈ നടിപടിയെ ചോദ്യം ചെയ്താണ് സെൻസർ ബോർഡ് അപ്പീലിന് പോയത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായക'ന്റെ റിലീസ് ഇന്ന് (ജനുവരി ഒൻപത്) ആണ് നിശ്ചയിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും ഇതിൽ സമർപ്പിച്ച ഹർജിയിൽ തീർപ്പാകാത്തതിനാലും സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ജന നായക'ന്റെ പുതിയ റിലീസ് തീയതിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
'ജന നായക'ന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.