
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയത്തിന് ശേഷം ചിദംബരം തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അടുത്തിടെ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ബോളിവുഡ് ചിത്രം ഒരു ഗ്യാങ്‌സ്റ്റര്‍ ഡ്രാമയായിരിക്കുമെന്ന് ചിദംബരം വെളിപ്പെടുത്തി. ചിത്രത്തിന്റെ കാസ്റ്റിംഗ് പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ചിദംബരം അറിയിച്ചു.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിദംബരത്തിന്റെ ഹിന്ദി സിനിമ നിര്‍മിക്കുന്നത് അഗ്ലി, ക്വീന്‍, ഹസേ തോ ഫസ്േ എന്നീ സിനിമകളുടെ നിര്‍മാതാക്കളാണ്. നേരത്തെ നിര്‍മാതാക്കള്‍ ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ചിദംബരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ജാന്‍-ഏ-മന്‍ എന്ന ചിത്രത്തിലൂടെയാണ് ചിദംബരം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2021ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഗണപതി, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ചിദംബരവും ഗണപതിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും സംവിധായകന്‍ ചിദംബരമാണ്. 2024ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥയും ചിദംബരം തന്നെയാണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ദീപക് പറമ്പോള്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നു.