
ചിരഞ്ജീവിയെ നായകനാക്കി അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിലവില്‍ കേരളത്തിലാണ് ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസം സെറ്റില്‍ നിന്നുള്ള ചിത്രീകരണ വീഡിയോ ലീക്കായിരുന്നു. നയന്‍താരയും ചിരഞ്ജീവിയും ഒരുമിച്ചുള്ള വീഡിയോയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങാന്‍ പോവുകയാണ് നിര്‍മാതാക്കള്‍. ചിത്രീകരണ വീഡിയോ അപ്‌ലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കും പ്ലാറ്റ്‌ഫോമുകളുകള്‍ക്കും എതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
"മെഗാ 157 എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് അനധികൃതമായി വീഡിയോകളും ഫോട്ടോകളും റെക്കോര്‍ഡ് ചെയ്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഇത് ഗുരുതരമായ വിശ്വാസ ലംഘനവും ബൗദ്ധിക സ്വത്തവകാശ ലംഘനവുമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നതായി കണ്ടാല്‍ പകര്‍പ്പവകാശ ലംഘനത്തിനും പൈറസി വിരുദ്ധ നിയമങ്ങളുടെയും കീഴില്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും", എന്ന് നിര്‍മാതാക്കള്‍ എക്‌സിലൂടെ അറിയിച്ചു.
'സൈ റാ നരസിംഗ റെഡ്ഡി', 'ഗോഡ്ഫാദര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താര വീണ്ടും ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൃഷ്ണ, ജി ആദി നാരായണ എന്നിവരാണ് ചിത്രത്തിന്റെ രചന. 2025 സംക്രാന്തിക്ക് ചിത്രം തിയേറ്ററിലെത്തും.