അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്. നിയമോപദേശം ലഭിച്ച ശേഷമാകും തുടർനടപടിയെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. പരാതിയിൽ എസ്.സി, എസ്.ടി കമ്മീഷൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനു വെയിൽ ആണ് അടൂരിനെതിരെ പരാതി നൽകിയിരുന്നത്. സ്ത്രീകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരെയായിരുന്നു അടൂരിന്റെ പരാമര്‍ശം. അടൂരിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി - എസ്‌ടി കമ്മീഷനിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, കേരളത്തിലെങ്ങും പ്രതിഷേധം ആഞ്ഞടിച്ചിട്ടും സ്ത്രീ- ദലിത് വിരുദ്ധ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ദലിതർക്കും സ്ത്രീകൾക്കുമുള്ള പദ്ധതി പ്രകാരം സിനിമ നിർമാണത്തിന് ഫണ്ട് നൽകും മുമ്പ് പരിശീലനം അനിവാര്യമാണെന്നും പരാമർശം അപകീർത്തികരമല്ല എന്നും അടൂർ പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പാർശ്വവത്കൃത വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നതാണ് അടൂരിൻ്റെ പ്രസ്താവനയെന്ന് ഗായിക പുഷ്പവതി കുറ്റപ്പെടുത്തി. മന്ത്രി ആർ. ബിന്ദു അടൂരിന് എതിരെ ആഞ്ഞടിച്ചപ്പോൾ, മന്ത്രി വി.എൻ. വാസവൻ പരോക്ഷ പിന്തുണ പ്രഖ്യാപിച്ചു.