ഡൽഹി: ബിജെപി നേതാവും നടനുമായ പരേഷ് റാവൽ നിർമിച്ച 'ദി താജ് സ്‌റ്റോറി' എന്ന ചിത്രത്തിൻ്റെ പോസ്റ്ററിൽ വിവാദം കനക്കുന്നു. താജ് മഹലിൽ നിന്ന് ശിവൻ ഉയർന്നു വരുന്ന ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കടുത്ത എതിർപ്പുമായി മുസ്ലീം സംഘടനകൾ രംഗത്തെത്തി.
തീവ്ര ഹിന്ദുസംഘടനകളുടെ പ്രചാരണത്തെ സാധൂകരിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് ഓൾ ഇന്ത്യാ മുസ്ലീം പേഴ്സണൽ ബോർഡ് പ്രതികരിച്ചു. ചിത്രത്തിൻ്റെ പ്രമോഷൻ പോസ്‌റ്റർ താജ് മഹൽ ശിവക്ഷേത്രമാണെന്ന തീവ്ര ഹിന്ദു സംഘടനകളുടെ പ്രചരണത്തെ സാധൂകരിക്കാനാണെന്നും ആരോപിച്ചു.
അതേസമയം, സിനിമ ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും, ചരിത്ര സത്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നുമാണ് സിനിമയുടെ നിർമാതാക്കളുടെ വിശദീകരണം. ചിത്രം കണ്ട് നിങ്ങളുടെ സ്വന്തം അഭിപ്രായം പറയാൻ നിങ്ങളോട് അഭ്യർഥിക്കുന്നു എന്നും സിനിമാ നിർമാതാക്കൾ അറിയിച്ചു.
തിങ്കളാഴ്ചയാണ് പരേഷ് റാവല്‍ ചിത്രം 'ദ താജ് സ്റ്റോറി'യുടെ മോഷന്‍ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. താജ് മഹലിന്റെ താഴികക്കുടത്തില്‍ നിന്ന് ഒരു ശിവ വിഗ്രഹം ഉയർന്നു വരുന്നതായാണ് പോസ്റ്റർ. എക്സിലൂടെ പരേഷ് റാവലാണ് സിനിമയുടെ മോഷന്‍ പോസ്റ്റർ പങ്കുവച്ചത്. "നിങ്ങളെ ഇതുവരെ പഠിപ്പിച്ചതെല്ലാം നുണയാണെങ്കിലോ? സത്യം മറച്ചുവെക്കുക മാത്രമല്ല, അത് വിധിക്കപ്പെടുകയും ചെയ്യുന്നു. വസ്തുതകൾ അനാവരണം ചെയ്യുക," ഇങ്ങനെയായിരുന്നു പരേഷ് റാവല്‍ പങ്കുവച്ച ആദ്യ അനൗണ്‍സ്‌മെൻ്റ് പോസ്റ്റില്‍ ഉണ്ടായിരുന്നത്.
മോഷന്‍ പോസ്റ്ററിന് എതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. മുഗള്‍ ചക്രവർത്തിയായിരുന്ന ഷാജഹാന്‍ നിർമിച്ച താജ് മഹല്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് പണിത് ഉയർത്തിയത് എന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ പ്രചാരണം ശക്തമാക്കാന്‍ ഇത്തരം ചിത്രീകരണങ്ങള്‍ കാരണമാകും എന്നാണ് ആരോപണം. 'ദ കേരള സ്റ്റോറി', 'കശ്മീർ ഫയല്‍സ്' തുടങ്ങിയ ചിത്രങ്ങളേ പോലെ പ്രൊപ്പഗണ്ട മൂവിയാണ് 'ദ താജ് സ്റ്റോറി' എന്നും വിമർശിക്കുന്നവരുണ്ട്.