
കലയെ കുറിച്ചുള്ള ബോധ്യം തന്റെ ജീവിതം മാറ്റിയെഴുതിയെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. എം.ജി. യൂണിവേഴ്സിറ്റി സാഹിത്യോത്സവം രണ്ടാം ദിവസത്തില്‍ സംസാരിക്കുകയായിരുന്നു വിനയ്.
'ആവിഷ്‌കാര സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്ന കാലത്ത്, അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇടങ്ങളാണ് കലാലയങ്ങള്‍. ഒരു ഇടത്തരം കുടുംബത്തില്‍നിന്നും വന്ന, സപോര്‍ട്സിലോ പഠനത്തിലോ മികവില്ലാത്ത ഒരു ശരാശരിക്കാരനാണ് ഞാന്‍. നാലാംക്ലാസില്‍ ആദ്യ നാടകത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് പല നാടകങ്ങളുടെയും ഭാഗമായി. പിന്നെ അഭിനയം പഠിക്കാന്‍ എഫ്. ടി. ഐ. ഐ.യില്‍ ചേര്‍ന്നു. കലാലയ കാലത്താണ് കലയേക്കുറിച്ചും സാഹിത്യത്തേക്കുറിച്ചും അഭിനയത്തേക്കുറിച്ചുമുള്ള ബോധ്യങ്ങളുണ്ടായത്. അത് എന്റെ ജീവിതം തന്നെ മാറ്റിയെഴുതി', വിനയ് പറഞ്ഞു.
മഹാരാജാസ് കോളജ്, ലോ കോളജ് എന്നിവിടങ്ങളില്‍ നാല് വേദികളില്‍ പരിപാടികള്‍ അരങ്ങേറി. അന്‍വര്‍ അലി, അംബികാസുതന്‍ മാങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ച ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, സുനില്‍ പി. ഇളയിടം, രാജീവ് രവി, മനീഷ് നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപനസമ്മേളനം വൈകീട്ട് 6-ന് എന്‍.എസ്. മാധവന്‍ ഉദ്ഘാടനം ചെയ്യും.