ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനാകുന്ന കൂലി പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഓഗസ്റ്റ് 14ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച്ച കേരളത്തിലെ ഒരു തിയേറ്ററില്‍ കൂലിയുടെ ടിക്കറ്റുകള്‍ എടുക്കാന്‍ രജനീകാന്ത് ആരാധകര്‍ തടിച്ചുകൂടി നില്‍ക്കുന്ന വീഡിയോ നിര്‍മാതാക്കള്‍ എക്‌സില്‍ പങ്കുവെച്ചിരുന്നു.
"തൃശൂരില്‍ കൂലിയുടെ അഡ്വാന്‍സ് ബുക്കിങിനായി തിയേറ്ററുകളില്‍ ആരാധകരുടെ വന്‍ തിരക്ക്", എന്ന അടിക്കുറിപ്പോടെയാണ് സണ്‍ പിക്‌ചേഴ്‌സ് വീഡിയോ പങ്കുവെച്ചത്. കൂലിയുടെ ടിക്കറ്റ് എടുക്കാന്‍ നൂറുകണക്കിന് ആരാധകര്‍ തിയേറ്റര്‍ ഗേറ്റിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.
കൂലി കേരളത്തില്‍ നിന്ന് ഇതിനോടകം ഏകദേശം 200,000 ടിക്കറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിക്കൂറില്‍ 50,000 ടിക്കറ്റുകളും വിറ്റു. അഡ്വാന്‍സ് ബുക്കിങിലൂടെ മാത്രം കൂലി കേരളത്തില്‍ നിന്ന് മൂന്ന് കോടിയുടെ ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്. ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തും കൂലിക്ക് വന്‍ ഓപ്പണിംഗ് ഉണ്ടെന്നും ആദ്യ ദിവസത്തെ അഡ്വാന്‍സ് ബുക്കിങ് ഇതിനകം 30 കോടിയിലേക്ക് അടുക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലനെന്ന് ഒരു അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പം സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തും.