ബറോസിന്റെ കഥ കോപ്പിയടിച്ചതെന്ന് ആരോപണം; മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

ചിത്രവുമായി ബന്ധപ്പെട്ട കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ ബറോസ് റിലീസ് ചെയ്യരുതെന്നാണ് നോട്ടീസില്‍ പറയുന്നത്
മോഹന്‍ലാല്‍
മോഹന്‍ലാല്‍
Published on

ബറോസിന്റെ കഥ കോപ്പിയടിച്ചതാണെന്ന് ആരോാപണം. എന്‍ആര്‍ഐ എഴുത്തുകാരനായ ജോര്‍ജ് തുണ്ടിപ്പറമ്പിലാണ് മോഹന്‍ലാല്‍, ടി.കെ രാജീവ് കുമാര്‍, ജിജോ പുന്നൂസ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ചിത്രവുമായി ബന്ധപ്പെട്ട കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ ബറോസ് റിലീസ് ചെയ്യരുതെന്നാണ് നോട്ടീസില്‍ പറയുന്നത്.

ജോര്‍ജ് തുണ്ടിപറമ്പില്‍ എഴുതിയ മായ എന്ന നോവല്‍ ശശി തരൂര്‍ 2008 ഏപ്രിലില്‍ പ്രകാശനം ചെയ്തിരുന്നു. 2016 അവസാനത്തില്‍ നോവലിന്റെ ഒരു പതിപ്പ് തന്റെ സുഹൃത്ത് ടി.കെ രാജീവ് കുമാറിന് കൈമാറിയതായി ജോര്‍ജ് പറയുന്നു. അതേസമയം ബറോസിന്റെ തിരക്കഥാകൃത്തായ ജിജോ പുന്നൂസ് താന്‍ 2017ല്‍ സിനിമയെ അടിസ്ഥാനമാക്കി നോവല്‍ എഴുതിയെന്നാണ് അവകാശപ്പെടുന്നത്. ആ നോവലിന്റെ അഞ്ച് അധ്യായങ്ങള്‍ ഇപ്പോള്‍ പൊതുഇടത്തില്‍ വായിക്കാനായി ലഭ്യമാണ്. ആ അഞ്ച് അധ്യായങ്ങള്‍ വായിക്കുമ്പോള്‍ അത് ജോര്‍ജിന്റെ നോവലുമായി സാമ്യമുണ്ടെന്നാണ് ആരോപണം. അത് വായിച്ചാല്‍ ഏതൊരു സാധാരണക്കാരനും അത് മനസിലാകുമെന്നും ജോര്‍ജ് പറയുന്നു.

അതേസമയം ബറോസ് സെപ്റ്റംബര്‍ 12നാണ് ആഗോള തലത്തില്‍ റിലീസ് ചെയ്യാനിരിക്കുന്നത്. 100 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com