
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് തടഞ്ഞ് കോടതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ യുജിഎം പ്രൊഡക്ഷന്‍സിനെതിരെ വന്ന സാമ്പത്തിക തട്ടിപ്പ് പരാതിയെ തുടര്‍ന്നാണ് റിലീസ് തടഞ്ഞത്. എറണാകുളം സ്വദേശി ഡോ. വിനീതാണ് പരാതി നല്‍കിയത്.
വിനീതിന്റെ പക്കല്‍ നിന്നും മൂന്ന് കോടി 20 ലക്ഷം രൂപ വാങ്ങുകയും ചിത്രം പൂര്‍ത്തിയാകുന്നതിനിടെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറി എന്നുമാണ് പരാതി. ചിത്രത്തിന്റെ തിയേറ്റര്‍, ഓടിടി, സാറ്റലൈറ്റ് റിലീസുകള്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. ഓണത്തിന് റിലീസ് ചെയ്യാനിരിക്കെയാണ് വിലക്ക്.
ടൊവിനോയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂര്‍ണ്ണമായും ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ മൂന്ന് വേഷങ്ങളിലാണ് ടൊവിനോയെത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മാജിക് ഫ്രെയിംസ്, യുജിഎം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ സക്കറിയ തോമസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.