കാത്തിരിപ്പിനൊടുവിൽ വാർണർ ബ്രോസ് ഡിസി സ്റ്റുഡിയോസ് ചിത്രം 'സൂപ്പർഗേൾ' പുറത്ത്. 'ഹൗസ് ഓഫ് ഡ്രാഗൺ' താരം മില്ലി അൽകോക്ക് ആണ് സൂപ്പർഗേൾ ആയി എത്തുന്നത്. ഡിസി കൊമിക്സിലെ കഥാപാത്രത്തെ ആസ്പദമാക്കി ക്രെയ്ഗ് ഗില്ലസ്പി ആണ് സംവിധാനം.
കോമിക്കിലെ സൂപ്പർമാന്റെ കസിൻ ആണ് കാര സോർ-എൽ എന്ന സൂപ്പർ ഗേൾ. മദ്യപാനത്തിൽ മുഴുകിയ സൂപ്പർഗേളിനെ ആണ് ട്രെയ്‌റിൽ കാണാൻ സാധിക്കുന്നത്. ക്രിപ്റ്റോ എന്ന സൂപ്പർ നായയും ഒപ്പമുണ്ട്. ജെയിംസ് ഗൺ സംവിധാനം ചെയ്ത സൂപ്പർമാൻ എന്ന ചിത്രത്തിന്റെ അവസാനം സൂപ്പർഗേൾ ആയി അൽകോക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. സൂപ്പർമാന്റെ കാർബൺ കോപ്പിയല്ല കാര എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
"അവൻ എല്ലാരിലേയും നന്മ കാണുന്നു, ഞാൻ സത്യവും," എന്ന് ട്രെയ്‌ലറിൽ സൂപ്പർഗേൾ എടുത്തുപറയുന്നുണ്ട്. ഇത് സൂപ്പർമാനും സൂപ്പർഗേളും സിനിമയിൽ രണ്ട് തട്ടിലാണെന്നതിന്റെ സൂചനയാണെന്നാണ് ആരാധകർ പറയുന്നത്.
2022ൽ പുറത്തിറങ്ങിയ ടോം കിങ്സിന്റെ 'സൂപ്പർഗേൾ: വുമൺ ഓഫ് ടുമോറോ' എന്ന കോമിക് ബുക്ക് സീരിസിനെ ആസ്പദമാക്കിയാണ് ക്രെയ്ഗ് ഗില്ലസ്പി സിനിമ അണിയിച്ചൊരുക്കുന്നത്. ഡിസി സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം 2026 ജൂൺ 26 ന് വടക്കേ അമേരിക്കയിലുടനീളമുള്ള തിയേറ്ററുകളിലും ഐമാക്സിലും റിലീസ് ചെയ്യും. 2026 ജൂൺ 24ന് ആണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. വാർണർ ബ്രദേഴ്സ് ആണ് സിനിമ അന്താരാഷ്ട്ര തലത്തിൽ വിതരണം ചെയ്യുന്നത്.