
"ഇതാണ് ആ രേഖ" - എന്ന് പറഞ്ഞ് 'വിയറ്റ്നാം കോളനി'യിലെ ആ ഭ്രാന്തന്‍ കഥാപാത്രം ഫ്രെയിമിലേക്ക് കൈവെള്ള നീട്ടിക്കാണിച്ചപ്പോള്‍ നിർത്താതെ ചിരിച്ചവരാണ് മലയാളികള്‍. "പരിപ്പുവടയില്ലേ" എന്ന് ആശങ്കയോടെ സഖാവ് കുമാരപിള്ള ചോദിച്ചപ്പോള്‍ ശ്രീനിവാസന്‍ എഴുതിയ സംഭാഷണങ്ങളിലെ പരിഹാസത്തിന്റെ മൂർച്ച കൂടി. അങ്ങനെ ഓർമയില്‍ തങ്ങിനില്‍ക്കുന്ന 700ഓളം കഥാപാത്രങ്ങള്‍. മരുമക്കളെ വലയ്ക്കുന്ന അമ്മാവനായും, വക്കീലായും, വീട്ടുടമസ്ഥനായും, തറവാട് കാരണവരായും ശങ്കരാടി എന്ന ചന്ദ്രശേഖരൻ മേനോൻ വെള്ളിത്തിരയില്‍ നാട്യങ്ങളില്ലാതെ നടിച്ചു.
1924 ജൂലൈ 14ന് വടക്കന്‍ പറവൂരിലെ മേമനവീട്ടില്‍ ചെമ്പകരാമന്‍ പിള്ളയുടെയും ചെറായി ചങ്കരാടിയിൽ തോപ്പിൽ പറമ്പിൽ ജാനകി അമ്മയുടെയും മകനായിട്ടാണ് ചന്ദ്രശേഖരൻ മേനോന്റെ ജനനം. ചെറായിയിലെ വലിയ ഒരു ജന്മി കുടുംബം. പക്ഷേ, ജന്മിത്വത്തിന്റെ മടിത്തട്ടില്‍ സുഖിച്ചുറങ്ങുന്ന മട്ടിലായിരുന്നില്ല ചന്ദ്രശേഖരന്റെ ജീവിതം. അയാള്‍ സഖാവായി തെരുവിലേക്കും, പത്രപ്രവർത്തകനായി വിദൂര ദേശത്തേക്കും, നടനായി തട്ടിലേക്കും സെറ്റിലേക്കും കയറി.
ചെറായിലും തൃശൂർ കണ്ടശ്ശാം കടവിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. സ്കൂള്‍ കാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുണ്ടെന്ന് കാട്ടി പുറത്താക്കി. പിന്നീട് എറണാകുളം മഹാരാജാസിൽ നിന്ന് ഇന്റർ മിഡിയേറ്റ് പാസായ ചന്ദ്രശേഖരനെ അമ്മാവന്‍ ബറോഡയിലേക്ക് അയച്ചു. മരുമകനെ ഒരു എൻജിനിയർ ആക്കുക ആയിരുന്നു അമ്മാവന്റെ ലക്ഷ്യം. പക്ഷേ അത് വ്യാമോഹം മാത്രമായിരുന്നു. മറൈൻ എൻജിനിയറിങ്ങിനു ചേർന്ന ചന്ദ്രശേഖര മേനോനെ അവിടെയും കമ്മ്യൂണിസ്റ്റ് 'ഭൂതം' പിന്തുടർന്നു. മലയാളികളായ റെയില്‍വേ തൊഴിലാളി സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് തൊഴിലാളികളെ സംഘടിപ്പിപ്പ് യൂണിയന്‍ പ്രവർത്തനം ആരംഭിച്ചു. പരിണിതഫലമായി, അവസാന വർഷ പരീക്ഷയ്‌ക്ക് ഒരാഴ്‌ച മുൻപ് അറസ്റ്റിലായി. ഏഴ് മാസങ്ങള്‍ക്ക് ശേഷം മഹാരാജ സാവോജി റാവുവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് പുറത്തുവന്നത്. നേരെ നാട്ടിലേക്കല്ല, നാഗ്പൂരിലേക്ക് ചന്ദ്രശേഖരന്‍ പോയത്. ഒരു ബോംബ് കേസില്‍ പൊലീസിന്റെ റഡാറില്‍ പെട്ടതിനാല്‍ അധികം കാലം അവിടെ നിന്നില്ല. അടുത്ത വഴിയമ്പലം ബോംബെ ആയിരുന്നു. അവിടെ അക്കാലത്ത് കെ.ജി. മേനോന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ലിറ്റററി റിവ്യൂ' മാസികയിൽ പത്രപ്രവർത്തകനായി ജോലി നോക്കി.
രാഷ്ട്രീയം അപ്പോഴും ചന്ദ്രശേഖര മേനോനെ വിട്ടൊഴിഞ്ഞിരുന്നില്ല. അക്കാലത്താണ് 1952ലെ പൊതുതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ഊർജിതമാക്കാന്‍ സംസ്ഥാനത്തിന് പുറത്തുള്ള പ്രവർത്തകർ തിരിച്ചെത്താന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെടുന്നത്. നാല് വർഷത്തെ ബോംബെ ജീവിത്തിന് ശേഷം എറണാകുളത്ത് എത്തിയ ചന്ദ്രശേഖരന്‍ മുഴുവന്‍ സമയ പാർട്ടി പ്രവർത്തകനായി. എറണാകുളം പൂക്കാരന്‍ മുക്കിലെ നാടകക്കൂട്ടായ്മ അദ്ദേഹത്തെ ആകർഷിക്കുന്നത് ഈ സമയത്താണ്. ടി.കെ. രാമകൃഷ്ണന്‍, പി.ജെ. ആന്റണി, എസ്.എല്‍. പുരം, എന്നിവരുള്‍പ്പെട്ട സൗഹൃദക്കൂട്ടായ്മയില്‍ നിന്നുണ്ടായ നാടകങ്ങള്‍ ചന്ദ്രശേഖരനിലെ നടനെ പുറത്തുകൊണ്ടുവന്നു. മുന്‍ മന്ത്രി കൂടിയായ ടി.കെ. രാമകൃഷ്ണന്‍ രചിച്ച് ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത ‘ കല്ലിലെ തീപ്പൊരികൾ’ എന്ന നാടകം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരോധിത നാടകങ്ങള്‍ പുഴയില്‍ ചങ്ങാടം കെട്ടി അഭിനയിച്ച പാരമ്പര്യവും ഈ അതുല്യ കലാകാരനുണ്ട്. രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ചന്ദ്രശേഖര മേനോന്‍ 1964ൽ സിപിഐ പിളർന്നതോടെ പാർട്ടി കാർഡ് തിരികെ നൽകി.
ഉദയാ സ്റ്റുഡിയോയുടെ കുഞ്ചാക്കോ ആണ് ചന്ദ്രശേഖര മേനോനെ സിനിമാ നടനാക്കുന്നത്. ഉദയ നിർമിച്ച 1963ലെ 'കടലമ്മ'യായിരുന്നു ആദ്യ ചിത്രം. 27കാരനായ ചന്ദ്രശേഖരന്‍ കടലമ്മയില്‍ സത്യന്റെ അച്ഛനായി വേഷം ഇട്ടു. അവിടെ നിന്ന് അങ്ങോട്ട് എണ്ണിയാല്‍ ഒടുങ്ങാത്ത മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. ഇടയ്ക്കെപ്പോഴോ ചന്ദ്രശേഖര മേനോന്‍ എന്ന പേരിന് പകരമായി അദ്ദേഹം അമ്മയുടെ വീട്ടുപേര് ഒന്ന് പരിഷ്കരിച്ച് 'ശങ്കരാടി' എന്ന തിരനാമമാക്കി. ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത്, സിന്ദൂരച്ചെപ്പ്, അരനാഴികനേരം, കിരീടം, വിയറ്റ്നാം കോളനി, സന്ദേശം, ഗോഡ്ഫാദർ, റാംജി റാവും സ്പീക്കിങ് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ നാം ശങ്കരാടിക്കാലം ആവോളം ആസ്വദിച്ചു.
ചുണ്ടില്‍ ഒരു ബീഡിയുമായി അദ്ദേഹം സെറ്റില്‍ നിന്ന് സെറ്റിലേക്ക് പാഞ്ഞു. നാല് ദശകങ്ങളോളം മലയാള സിനിമയില്‍ ശങ്കരാടി തനത് ശൈലിയില്‍ നിറഞ്ഞാടി. ചിലപ്പോള്‍ ഒന്നോ രണ്ടോ സീന്‍ മാത്രമേ ഉണ്ടാകൂ. പക്ഷേ അവ ആവർത്തിച്ച് കണ്ട് മലയാളി ചിരിച്ചു. അപ്പോഴും തന്റെ കഷണ്ടിത്തല ഓർത്ത് ശങ്കരാടി വിഷമിച്ചു. സത്യന്‍ അന്തിക്കാടിനോട് വിഗ്ഗിനായി വാശിപിടിക്കുക കൂടിയുണ്ടായി. ഒടുവില്‍ ശ്രീനിവാസനാണ് ആ മനോഹര ശൂന്യയിടത്തിന്റെ ഭംഗി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. അല്‍പ്പം കുബുദ്ധിയുള്ള, അടിമുടി ഗ്രാമീണനായ അന്തിക്കാടന്‍ കഥാപാത്രമായി എത്തിയപ്പോഴൊക്കെ നമ്മള്‍ ആ നടനം കണ്ണുമടച്ച് വിശ്വസിച്ചതില്‍ ശങ്കരാടിയുടെ ഭാവഹാവാദികള്‍ക്കൊപ്പം ആ കഷണ്ടിക്കും പങ്കുണ്ട്.
1970ലും 71ലും ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ശങ്കരാടിക്കാണ് ലഭിച്ചത്. 2001 ഒക്ടോബർ ഒന്‍പതിന് ലോകത്തോട് വിടപറയുമ്പോഴേക്കും അദ്ദേഹം മലയാളം സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ 'ആ രേഖ ഇതാണ്' എന്ന് പറഞ്ഞ് അദ്ദേഹം കൈവെള്ള കാട്ടിയാല്‍ അതില്‍ ചരിത്രത്തിന്റെ മുദ്രണങ്ങളുണ്ടാകും.