ലൈംഗിക ആകര്‍ഷണത്തിന് വേണ്ടി മാത്രമുള്ളതല്ല സ്ത്രീ കഥാപാത്രങ്ങള്‍ : ദീപിക പദുകോണ്‍

ആ പരിണാമത്തില്‍ താനും ഒരു പങ്കുവഹിച്ചിട്ടുണ്ടെന്നും ഇത്തരം കഥാപാത്രങ്ങള്‍ക്കും സിനിമകള്‍ക്കും സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
ലൈംഗിക ആകര്‍ഷണത്തിന് വേണ്ടി മാത്രമുള്ളതല്ല സ്ത്രീ കഥാപാത്രങ്ങള്‍ : ദീപിക പദുകോണ്‍
Published on



സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ ലൈംഗിക ആകര്‍ഷണത്തിന് വേണ്ടി മാത്രമുള്ളതല്ലെന്ന് നടി ദീപിക പദുകോണ്‍. താന്‍ അഭിനയം തുടങ്ങിയ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ കഥാപാത്രങ്ങള്‍ പരിണമിച്ചിട്ടുണ്ടെന്നും ദീപിക അഭിപ്രായപ്പെട്ടു. മേരി ക്ലെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.

"ഒരു പതിറ്റാണ്ട് മുന്‍പ് ഞാന്‍ അഭിനയം തുടങ്ങിയ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ കഥാപാത്രങ്ങള്‍ പരിണമിച്ചിട്ടുണ്ട്. ഇന്ന് അവ എഴുതപ്പെടുന്ന രീതി, അതാണ് മാറിയത്. ആ മാറ്റം ഞാന്‍ അവതരിപ്പിക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത വശങ്ങള്‍ കൊണ്ടുവരാന്‍ എനിക്ക് പ്രചോദനമായെന്ന് കരുതുന്നു. സ്ത്രീകളെ അലങ്കാരമായും തമാശയായും ലൈംഗിക ആകര്‍ഷണമായും ആണ് കൂടുതല്‍ സമയവും അവതരിപ്പിക്കാറ് എന്നത് രഹസ്യമല്ല. അതില്‍ നിന്ന് ഇന്നത്തെ ശബ്ദമുള്ള യഥാര്‍ത്ഥ സ്ത്രീ കഥാപാത്രങ്ങളിലേക്ക് പരിണമിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്"; ദീപിക പറഞ്ഞു.

ആ പരിണാമത്തില്‍ താനും ഒരു പങ്കുവഹിച്ചിട്ടുണ്ടെന്നും ഇത്തരം കഥാപാത്രങ്ങള്‍ക്കും സിനിമകള്‍ക്കും സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ദീപിക കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയതിന്റെ പേരില്‍ ദീപികയിപ്പോള്‍ ട്രോള്‍ നേരിടുകയാണ്. ഷാരൂഖ് ഖാന്റെ പത്താനില്‍ അഭിനയിച്ചതിന്റെ പേരിലാണ് താരത്തിനെതിരെ ട്രോളുകള്‍ വരുന്നത്.

അതേസമയം അറ്റ്‌ലി-അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ദീപികയാണ് നായികയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ജവാന് ശേഷം അറ്റ്‌ലിയും ദീപികയും ഒന്നിക്കുന്ന ചിത്രമാണിത്. കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ദീപിക അഭിനയത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. സിദാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗിലൂടെയായിരിക്കും താരം ആ തിരിച്ചുവരവ് നടത്തുക. അതിന് ശേഷം അറ്റ്‌ലി ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com