
നടി ദീപിക പദുകോണ്‍ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന 'സ്പിരിറ്റി'ല്‍ നിന്നും പുറത്തായെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ വന്‍ ചര്‍ച്ചയാണ്. ഇപ്പോള്‍ നാഗ് അശ്വിന്റെ 'കല്‍ക്കി 2'ല്‍ നിന്നും താരത്തെ പുറത്താക്കുന്നു എന്ന വാര്‍ത്തകളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. ഇതിനെല്ലാം കാരണമോ, ദീപിക 8 മണിക്കൂറ് മാത്രമെ ജോലി ചെയ്യൂ എന്ന് പറഞ്ഞതും. ദീപികയുടെ ഭാഗത്തുനിന്ന് ഇതിനെല്ലാം ഒരു മറുപടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആ കാത്തിരിപ്പ് ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. കാരണം ഇനി എന്ത് എന്ന ചോദ്യത്തിന് ദീപിക ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ്. വെറും മറുപടി അല്ല മാസ് മറുപടി.
അല്ലു അര്‍ജുന്‍ - അറ്റ്‌ലി ചിത്രമായ 'AA22xA6'ന്റെ പ്രധാനപ്പെട്ട ഒരു അപ്‌ഡേറ്റ് ഇന്ന് പുറത്തുവരുമെന്ന് നേരത്തെ തന്നെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിരുന്നു. പ്രേക്ഷകര്‍ കരുതിയത് ചിത്രത്തിന്റെ പേരായിരിക്കും പുറത്തുവരുക അല്ലെങ്കില്‍ അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് എന്തെങ്കിലും ആയിരിക്കുമെന്നായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകളെ എല്ലാം മാറ്റി മറിച്ചുകൊണ്ട് ചിത്രത്തിലെ ലേഡി സ്റ്റാറിനെയാണ് ഇപ്പോള്‍ സണ്‍ പിക്‌ചേഴ്‌സ് പരിചയപ്പെടുത്തിയിരിക്കുന്നത്. ദീപിക പദുകോണ്‍ ആണ് 'AA22xA6'ലെ ലേഡി സ്റ്റാര്‍.
ഒരു വാരിയറിന്റെ വേഷമാണ് ദീപികയുടേതെന്നാണ് പുറത്തുവന്ന വീഡിയോയില്‍ നിന്നും മനസിലാകുന്നത്. ആക്ഷനും ഫിക്ഷനും വലിയ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും ദീപികയുടേത്. 'The Queen Marches to Conquer' , എന്ന ടാഗ് ലൈനോടെയാണ് താരത്തെ സണ്‍പിക്‌ചേഴ്‌സ് പരിചയപ്പെടുത്തിയിരിക്കുന്നത്. മാസ് എലമന്റുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തില്‍ ദീപികയുടേതെന്ന് ഉറപ്പ് വരുത്തുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
നിലവില്‍ സമൂഹമാധ്യമത്തിലും സിനിമാ മേഖലയിലും നടക്കുന്ന വിവാദങ്ങള്‍ക്ക് ഒടുവില്‍ തന്റെ ഭാഷയില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ദീപിക. ഇതിനെല്ലാം ഒരു സ്റ്റേറ്റ്‌മെന്റ് പുറത്തുവിടുന്നതിലും നല്ലത് ജോലിയില്‍ താന്‍ ഇപ്പോഴും മുന്‍ നിരയില്‍ തന്നെയാണെന്ന് ആരാധകരോടും വിമര്‍ശകരോടും ഉറക്കെ വിളിച്ചു പറയുക കൂടിയാണ് താരം ചെയ്തത്.
അതേസമയം 'AA22xA6' ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഫാന്റസിയാണ്. നിലവില്‍ ചിത്രത്തിന്റെ കാസ്റ്റിംഗും പ്രീ പ്രൊഡക്ഷനും പുരോഗമിക്കുകയാണ്. ഇന്ത്യയുടെ വികാരങ്ങളെയും സംസ്‌കാരത്തെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 500 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്. ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും.
ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ട്രിപിള്‍ റോളിലെത്തുമെന്നും സൂചനയുണ്ട്. പാരലല്‍ യൂണിവേഴ്‌സ്, ടൈം ട്രാവല്‍ എന്നിവയും സിനിമയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന നിലവാരമുളള CGI, സ്പെഷ്യല്‍ ഇഫക്റ്റുകള്‍ സിനിമയ്ക്ക് ആവശ്യമാണ്. ഇതിനായി ഹോളിവുഡിലെ മുന്‍നിര VFX സ്റ്റുഡിയോകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന.