'ടു കില്‍ എ ടൈഗർ' പ്രദര്‍ശനം തടയാനാവില്ല; ഡല്‍ഹി ഹൈക്കോടതി

കൂട്ടബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിയുടെ ജീവിതം പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി മാര്‍ച്ച് 10 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു
'ടു കില്‍ എ ടൈഗർ' പ്രദര്‍ശനം തടയാനാവില്ല; ഡല്‍ഹി ഹൈക്കോടതി
Published on

ഓസ്കാര്‍ നോമിനേഷന്‍ നേടിയ 'ടു കില്‍ എ ടൈഗര്‍ ' നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം തടയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കൂട്ടബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിയുടെ ജീവിതം പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി മാര്‍ച്ച് 10 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയെന്നും പോക്സോ നിയമം ലംഘിച്ചെന്നും ആരോപിച്ച് സംവിധായിക നിഷ പഹൂജയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തുളിർ ചാരിറ്റബിൾ ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് സംവിധായിക ചിത്രീകരണം ആരംഭിച്ചതെന്നും. 3.5 വര്‍ഷത്തോളം നീണ്ട ഷൂട്ടിങിന് ശേഷം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായപ്പോള്‍ മാത്രമാണ് അനുവാദം വാങ്ങിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതേസമയം, ചിത്രീകരണം തുടങ്ങുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ മാതാപിതാക്കളില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നുവെന്നും ഡോക്യൂമെന്‍ററി റിലീസ് ആകുമ്പോള്‍ അതിജീവിത പ്രായപൂര്‍ത്തി ആയിരുന്നുവെന്നും നെറ്റ്ഫ്ലിക്സ് കോടതിയെ അറിയിച്ചു.

ട്രസ്റ്റിന്‍റെ ഹര്‍ജിയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് റാവു ഗെഡ്‌ല എന്നിവരടങ്ങിയ ബെഞ്ച് കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും തുടര്‍വാദം കേള്‍ക്കാന്‍ ഒക്ടോബര്‍ 8ലേക്ക് കേസ് മാറ്റിവെക്കാനും തീരുമാനിച്ചു. മാർച്ച് 10 ന് ഡോക്യുമെൻ്ററി റിലീസ് ചെയ്ത സാഹചര്യത്തില്‍ ഈ ഘട്ടത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com