

ആദ്യ ചിത്രം മുതൽ തന്നെ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ മാറ്റങ്ങൾ കൊണ്ടുവരികയും തന്റെ മേക്ക് ഓവറുകളിലൂടെ വലിയ പ്രേക്ഷക പിന്തുണ പിടിച്ചുപറ്റുകയും ചെയ്ത താരമാണ് ദേവ് മോഹൻ. 'സൂഫിയും സുജാതയിലും' ആത്മീയതയുടെയും സ്‌നേഹത്തിന്റെയും ആൾരൂപമായ സൂഫി കഥാപാത്രമാവാൻ മുടിയും താടിയും നീട്ടി വളർത്തിയ ലുക്കിലാണ് ദേവ് വന്നതെങ്കിൽ തീർത്തും വ്യത്യസ്തമായ എക്സിക്യൂട്ടീവ് ജെന്റിൽമെൻ ലുക്കിലാണ് ഈ വർഷം പുറത്തിറങ്ങിയ ' ഐസ്സ് ' എന്ന സീരിസിൽ നടനെത്തിയത്. ഒരു പ്രത്യേക മാനസികാവസ്ഥയുള്ള കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചതിന് ദേവിന് സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയും ലഭിച്ചിരുന്നു.
പുതിയ ചിത്രം 'ഡിസ്കോ'യിലും ദേവ് മോഹൻ പതിവ് തെറ്റിക്കുന്നില്ല. വേറിട്ട ലുക്കിലാണ് ഇത്തവണയും നടന്റെ വരവ്. ഒരു കറുത്ത മോട്ടോർസൈക്കിളിന് മുകളിലിരുന്ന് തോക്ക് ചൂണ്ടിനിൽക്കുന്ന രീതിയിലാണ് നടന്റെ ക്യാരക്ടർ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. 'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ' ചലച്ചിത്ര പരമ്പരയിലെ ഏറ്റവും ജനപ്രിയനായ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് ദേവ് മോഹന്റെ മേക്ക് ഓവർ. നീട്ടി വളർത്തിയ താടിയും മുടിയും, തലയിൽ കെട്ടിയ ബാൻഡാനയും ഉൾപ്പെടെയുള്ള റോ ലുക്ക് ദേവ് മോഹന് ഒരു ഇന്റർനാഷണൽ അപ്പീലാണ് നൽകുന്നത്.
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിക്കഴിഞ്ഞു. ചെമ്പൻ വിനോദ് ജോസും അഹമ്മദ് ഗോൽച്ചനും ചേർന്ന് നിർമിക്കുന്ന 'ഡിസ്കോ'യുടെ അണിയറയിൽ പ്രമുഖരായ വലിയൊരു സാങ്കേതിക സംഘമാണ് പ്രവർത്തിക്കുന്നത്.
ആന്റണി വർഗീസ് പെപ്പെ, ദേവ് മോഹൻ, ലുക്ക്മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷെബിൻ ബെൻസൺ, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, സിനോജ് വർഗീസ്, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, ചിത്രസംയോജനം: രോഹിത് വി.എസ്. വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ. കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡൻ്റ് ലാബ്സ്, സ്റ്റിൽസ്: ബൊയാക്, വിതരണം: ഐക്കൺ സിനിമാസ്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, മാർക്കറ്റിങ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി.