
താരസംഘടനയായ 'അമ്മ'യില്‍ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ ഉറച്ച് നടന്‍ ദേവന്‍. ഈ തെരഞ്ഞെടുപ്പിന് മോഹന്‍ലാല്‍ നോമിനേഷന്‍ കൊടുക്കാത്തതു കൊണ്ടാണ് താന്‍ മത്സരിക്കുന്നതെന്ന് ദേവന്‍ പറഞ്ഞു. ഏറ്റവും അവസാനം നോമിനേഷന്‍ നല്‍കാന്‍ കാരണം പ്രധാന താരങ്ങള്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചതുകൊണ്ടാണെന്നും ദേവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
"കഴിഞ്ഞ ജനറല്‍ ബോഡിയില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് ആകില്ല എന്ന് പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചു. മോഹന്‍ലാല്‍ നോമിനേഷന്‍ കൊടുക്കാത്തത് കൊണ്ടാണ് ഞാന്‍ കൊടുത്തത്. ഏറ്റവും അവസാനം നോമിനേഷന്‍ കൊടുക്കാന്‍ കാരണം പ്രധാന താരങ്ങള്‍ മത്സരിക്കാന്‍ വരും എന്ന പ്രതീക്ഷ കൊണ്ടായിരുന്നു. അമ്മയെ മോഹന്‍ലാല്‍ അനാഥമാക്കില്ലെന്ന പ്രതീക്ഷിച്ചിരുന്നു", ദേവന്‍ പറഞ്ഞു.
"31 വര്‍ഷത്തിനിടെ 248 കോടി രൂപ സംഘടന സമാഹരിച്ചിരുന്നു. അതില്‍ ഇനി എട്ട് കോടി രൂപയാണ് ബാക്കിയുള്ളത്. ഇതെല്ലാം ചിലവാക്കിയത് അംഗങ്ങള്‍ക്ക് വേണ്ടിയാണ്. നിരവധി പേര്‍ക്ക് പെന്‍ഷനും മരുന്നുകളും എത്തിക്കുന്ന സംഘടനയാണിത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തം വലുതാണെന്ന് അറിയാം", എന്നും ദേവന്‍ വ്യക്തമാക്കി.
അമ്മ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണെന്നും ഇപ്പോഴുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ വ്യക്തികള്‍ തമ്മിലാണെന്നും ദേവന്‍ അഭിപ്രായപ്പെട്ടു. സംഘടന നിലനില്‍ക്കേണ്ടത് മലയാള സിനിമയുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജഗദീഷ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. താന്‍ പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. പ്രശ്‌നങ്ങള്‍ ഇല്ലാതെ അമ്മയെ നയിക്കാന്‍ തനിക്കാകുമെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.
ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ നടക്കുന്ന തര്‍ക്കത്തെ കുറിച്ചും ദേവന്‍ സംസാരിച്ചു. "സിദ്ദിഖ്, ഇടവേള ബാബു, വിജയ് ബാബു എന്നിവര്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവെച്ചിരുന്നു. ബാബുരാജ് മാത്രമാണ് രാജിവെക്കാത്തത്. ആരോപണ വിധേയര്‍ മത്സരിക്കുമ്പോള്‍ വോട്ട് ചെയ്യാതെ തോല്‍പ്പിക്കാം. അത് അംഗങ്ങള്‍ തീരുമാനിക്കട്ടെ", ദേവന്‍ വ്യക്തമാക്കി.
സംഘടനയില്‍ വനിതകള്‍ വരേണ്ടത് അവരുടെ അവകാശമാണെന്നും ജഗദീഷ് മാറി കൊടുത്ത സീറ്റില്‍ ശ്വേത മേനോന്‍ മത്സരിക്കുന്നതല്ലേ നാണക്കേടെന്നും ദേവന്‍ ചോദിച്ചു. അതോടൊപ്പം താന്‍ ഒറ്റയ്ക്കാണ് പോരാടുന്നതെന്നും മാധ്യമങ്ങളോട് സംസാരിച്ചാല്‍ പത്രിക തള്ളി പോകുമെന്ന് സംഘടനയില്‍ നിന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ പത്രിക തള്ളിയാല്‍ കോടതിയില്‍ പോകാനാണ് ദേവന്‍ തീരുമാനിച്ചിരിക്കുന്നത്. നടന്മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയും പത്രിക നല്‍കിയത് നന്നായെന്നാണ് പറഞ്ഞതെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. അവസാനമായി അധികാരത്തില്‍ വന്നാല്‍ സംഘടനയില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.