ധീരന്‍ ഉണ്ടാകുന്നത് നാട്ടിലെ ഒരു സംഭവത്തില്‍ നിന്ന്: ദേവദത്ത് ഷാജി അഭിമുഖം

ധീരന്‍ ഒരു ഔട്ട് ആന്‍ഡ് ഔട്ട് ഹ്യൂമര്‍ ട്രാക്കില്‍ പോകുന്ന സിനിമയാണ്
ദേവദത്ത് ഷാജി
ദേവദത്ത് ഷാജി
Published on
Updated on

ഭീഷ്മപര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ധീരന്‍. അടുത്തിടെയാണ് ധീരന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇപ്പോഴിതാ ധീരന്റെ വിശേഷം ന്യൂസ് മലയാളവുമായി പങ്കുവെച്ചിരിക്കുകയാണ് ദേവദത്ത് ഷാജി.

ധീരന്‍ ഒരു കോമഡി ആക്ഷന്‍ ഡ്രാമ


ധീരന്‍റെ തോട്ട് എനിക്ക് കിട്ടുന്നത് എന്‍റെ നാട്ടിലുള്ള ഒരു സംഭവത്തില്‍ നിന്നാണ്. അത് പിന്നീട് ഡെവലെപ് ചെയ്ത് കൊണ്ടുവരുകയായിരുന്നു. ഭീഷ്മപര്‍വം റിലീസ് ആയതിന് ശേഷം വന്നൊരു ചിന്തയാണത്. പിന്നീട് അത് രൂപാന്തരപ്പെട്ട് ഇപ്പോഴുള്ള അവസ്ഥയിലേക്ക് വരുകയായിരുന്നു. ധീരന്‍ ഒരു ഔട്ട് ആന്‍ഡ് ഔട്ട് ഹ്യൂമര്‍ ട്രാക്കില്‍ പോകുന്ന സിനിമയാണ്. അതോടൊപ്പം ആക്ഷനും ഡ്രാമയുമെല്ലാമുള്ള ഒരു കോമഡി ആക്ഷന്‍ ഡ്രാമയായിരിക്കും സിനിമ.



ചിത്രീകരണം 2024 അവസാനം


നിര്‍മാതാക്കളായ ലക്ഷ്മി വാര്യരുടെയും ഗണേഷ് മേനോന്റെയും അടുത്ത് ഞാന്‍ എത്തുന്നത് കഴിഞ്ഞ വര്‍ഷമാണ്. വികൃതി, ജാനേമന്‍, ജയ ജയ ഹേ എന്നീ സിനിമകളാണ് അവരുടേതായി അന്ന് റിലീസ് ആയിട്ടുള്ളത്. അന്ന് ഫാലിമിയുടെ ചിത്രീകരണമെല്ലാം നടക്കുന്ന സമയമായിരുന്നു. അതിനിടയിലാണ് ഞാന്‍ നിര്‍മാതാക്കളോട് കഥ പറയുന്നത്. അവര്‍ക്കത് ഇഷ്ടപെടുകയും ഫാലിമി കഴിഞ്ഞതിന് ശേഷം അടുത്ത സിനിമയായി അത് ചെയ്യാമെന്ന് പറയുകയും ചെയ്തു. ജയ ജയ ജയ ഹേയുടെ സക്‌സസ് സെലിബ്രേഷനിലാണ് ഇങ്ങനെയൊരു സിനിമ വരുന്നു എന്ന പ്രഖ്യാപനം നടത്തുന്നത്. അന്ന് പേരൊന്നും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. പിന്നെ ഈ സിനിമയില്‍ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന കുറച്ച് അധികം ആര്‍ട്ടിസ്റ്റുകളുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ഡേറ്റ് എല്ലാം ശരിയായി വരാന്‍ കുറച്ചു സമയമെടുത്തു. നിലവില്‍ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തേക്കാണ് നിലവില്‍ ചിത്രീകരണം തീരുമാനിച്ചിരിക്കുന്നത്.



സിനിമ സ്വപ്‌നങ്ങള്‍ തുടങ്ങുന്നത് സംവിധായകനാകാന്‍ വേണ്ടി

എന്റെ സിനിമ സ്വപ്‌നങ്ങള്‍ തുടങ്ങുന്നത് സംവിധായകനാകാന്‍ വേണ്ടി തന്നെയാണ്. ഒരു തിരക്കഥാകൃത്തായിട്ടായിരിക്കും സിനിമ മേഖലയിലേക്ക് എത്തുക എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഞാന്‍ അമല്‍ നീരദ് സാറിന്‍റെ കൂടെ അദ്ദേഹത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന സമയത്ത് യാദൃശ്ചികമായി അമല്‍ സാര്‍ വഴി വന്നതാണ് ഭീഷ്മപര്‍വം. പക്ഷെ അത് എന്നെ സംബന്ധിച്ച് സിനിമ മേഖലയിലേക്കുള്ള ഏറ്റവും നല്ലൊരു എന്‍ട്രിയായിരുന്നു. ഭീഷ്മപര്‍വം ഒന്നും ഇല്ലാത്തൊരു അവസ്ഥയിലായിരുന്നു എന്‍റെ സംവിധാനം സംരംഭം ആരംഭിക്കുന്നതെങ്കില്‍ എനിക്ക് പല കാര്യങ്ങള്‍ക്കും കുറച്ചുകൂടെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേനെ. പക്ഷെ എനിക്കിപ്പോള്‍ പറയാനൊരു പ്രൊഫൈല്‍ ആയി. ഭീഷ്മപര്‍വം ഉള്ളതുകൊണ്ട് എനിക്ക് പല ഗുണങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തി

അമല്‍ നീരദ് സാര്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥനാണ്. എന്നെ ഒരുപാട് അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിനൊപ്പം ഒരു മൂന്ന് വര്‍ഷത്തോളം എല്ലാദിവസവും എന്ന പോലെ ഉണ്ടായിരുന്നു. ആ ഒരു യാത്രയിലാണ് ഭീഷ്മപര്‍വം വരുന്നത്. അതുപോലെ ഒരുപാട് ചര്‍ച്ചകളും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് അറിയാത്ത സിനിമയുടെ ഒരുപാട് വാതിലുകള്‍ തുറന്ന് തന്നത് അമല്‍ സാറാണെന്ന് പറയാം. അദ്ദേഹവുമായി അത്രയും നല്ല ബന്ധമാണ്. എന്നെ എല്ലാ ഭാഷകളിലെയും സിനിമകള്‍ കൂടുതല്‍ കാണാന്‍ സ്വാധീനിച്ചിട്ടുള്ളത് അമല്‍ സാറാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com