
തമിഴ് നടന്‍ ധനുഷിന്‍റെ കരിയറിലെ 50-ാം ചിത്രം രായന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറക്കാര്‍. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും ധനുഷ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷിന്‍റെ മുന്‍ ചിത്രമായ അസുരനെ അനുസ്മരിപ്പിക്കും വിധം ആക്ഷന് പ്രാധാന്യമുള്ള ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന.
എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന രായന്‍ ജൂലൈ 26ന് തിയേറ്ററുകളിലെത്തും. ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. എസ്.ജെ സൂര്യ, പ്രകാശ് രാജ് , സെല്‍വരാഘവന്‍, സുന്ദീപ് കിഷൻ, കാളിദാസ് ജയറാം, വരലക്ഷ്മി ശരത്കുമാർ, ദുഷാര വിജയന്‍, അപര്‍ണാ ബാലമുരളി, ശരവണന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്ട് മണിക്കൂര്‍ 23 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.