

കൊച്ചി: ധനുഷിനെ നായകനാക്കി വിഘ്‌നേഷ് രാജ ഒരുക്കുന്ന 'കാരാ' സിനിമയുടെ റിലീസ് തീയതി പുറത്ത്. 'പോർ തൊഴിൽ' എന്ന ക്രൈം ത്രില്ലറിന് ശേഷം വിഗ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രിൽ 30ന് സിനിമ ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തും. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ ഗണേഷ് ആണ് സിനിമയുടെ നിർമാണം.
വേൽസ് നക്ഷത്ര 2026 എന്ന പേരിൽ വേൽസ് സർവകലാശാലയിൽ നടന്ന രണ്ടുദിവസത്തെ കൾച്ചറൽ ഫെസ്റ്റിലാണ് നിർമാതാവും സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ഇഷാരി കെ. ഗണേഷ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ധനുഷ് നായകനായ 'വട ചെന്നൈ 2' ആണ് തന്റെ സ്വപ്ന പദ്ധതിയെന്നും ചടങ്ങിൽ നിർമാതാവ് പറഞ്ഞു.
പൊങ്കലിനാണ് സിനിമയുടെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ധനുഷിനെ അവതരിപ്പിക്കുന്ന ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ധനുഷിന്റെ 54ാമത് ചിത്രമാണ് 'കാരാ'. ഇമോഷണൽ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
ജി.വി. പ്രകാശ് കുമാർ ആണ് സിനിമയുടെ സംഗീതം. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീജിത്ത് സാരംഗ് ആണ്. ആൽഫ്രഡ് പ്രകാശും വിഗ്നേഷ് രാജയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ധനുഷിന് പുറമേ, മമിത ബൈജു, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2025 ജൂലൈയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.