
ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വടചെന്നൈ'. 2018ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക - നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെട്രിമാരന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അതേ കുറിച്ച് ഒരു അപ്‌ഡേറ്റും പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ധനുഷ് 'വടചെന്നൈയെ' കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
2026ല്‍ സിനിമയുടെ ജോലികള്‍ ആരംഭിക്കുമെന്നാണ് ധനുഷ് അറിയിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ 'കുബേര'യുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. വലിയ കയ്യടിയാണ് ധനുഷിന്റെ വാക്കുകള്‍ക്ക് ലഭിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്.
ധനുഷിന്റെ അന്‍പ് എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിലെ ആന്‍ഡ്രിയയുടെ കഥാപാത്രവും വളരെ പ്രധാനപ്പെട്ടതായിരുന്നു. അമീര്‍, സമുദ്രകനി, കിഷോര്‍, ഡാനിയല്‍ ബാലാജി, പവന്‍, ഐശ്വര്യ രാജേഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിലെ സന്തോഷ് നാരായണന്റെ സംഗീതത്തിനും മികച്ച പ്രശംസ ലഭിച്ചിരുന്നു. വെട്രിമാരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
അതേസമയം ധനുഷിന്റെ 'കുബേര' എന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജൂണ്‍ 20ന് തിയേറ്ററിലെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. നാഗാര്‍ജുനയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ശേഖര്‍ കമ്മൂലയാണ് ചിത്രത്തിന്റെ സംവിധായകന്‍.