സിനിമ കാണും പോലെ നല്ലതായിരുന്നു ധനുഷ് സാറിന്റെ കഥ പറച്ചില്‍: പ്രിയ പ്രകാശ് വാര്യര്‍

നിലവുക്ക് എന്‍മേല്‍ എന്നടി കോപം എന്ന സിനിമയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും താരം പറഞ്ഞു
സിനിമ കാണും പോലെ നല്ലതായിരുന്നു ധനുഷ് സാറിന്റെ കഥ പറച്ചില്‍: പ്രിയ പ്രകാശ് വാര്യര്‍
Published on


പ്രിയ പ്രകാശ് വാര്യര്‍ ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്‍മേല്‍ എന്നടി കോപം എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. നിലവുക്ക് എന്‍മേല്‍ എന്നടി കോപം മാത്രമല്ല കന്നട ചിത്രമായ വിഷ്ണു പ്രിയയിലും താരം കേന്ദ്ര കഥാപാത്രമാണ്. ഈ വെള്ളിയാഴ്ച്ച രണ്ട് റിലീസുകള്‍ക്കായി കാത്തിരിക്കുകയാണ് പ്രിയ. പരിഭ്രമിക്കുന്നതിന് പകരം പ്രിയ തന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ഓര്‍ത്ത് ആവേശത്തിലാണ്. സിനിമ റിലീസ് ചെയ്തതിന് ശേഷം എന്ത് സംഭവിക്കുമെന്നതില്‍ പ്രിയ പ്രതീക്ഷകള്‍ ഇപ്പോള്‍ വെക്കാറില്ലെന്നാണ് പറയുന്നത്.

'ഞാന്‍ 18 വയസില്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ റിലീസ് ചെയ്തതിന് ശേഷം എന്ത് സംഭവിക്കുമെന്നത് എന്നെ ബാധിച്ചിരുന്നു', എന്നാണ് പ്രിയ പ്രകാശ് വാര്യര്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

'ഞാന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് ആലോചിച്ച് ശരിക്കും പരിഭ്രമിക്കാറുണ്ടായിരുന്നു. എന്നാല്‍ സിനിമ എന്നത് അപ്രവചനീയമാണെന്ന് തിരിച്ചറിയാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. പിന്നെ പരിഭ്രമിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് മനസിലായി. ഇപ്പോള്‍ എന്റെ സിനിമ റിലീസ് ദിവസം കൂട്ടുകാര്‍ക്കും കുടുംബത്തിനും ഒപ്പം കാണുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ എനിക്ക് സന്തോഷമാകും. ഇല്ലെങ്കില്‍ ഇനിയും കൂടുതല്‍ പഠിക്കാനുണ്ടെന്ന് മനസിലാക്കും', പ്രിയ പറഞ്ഞു.

നിലവുക്ക് എന്‍മേല്‍ എന്നടി കോപം എന്ന സിനിമയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും താരം പറഞ്ഞു. ഇത് പ്രിയയുടെ ആദ്യത്തെ തമിഴ് സിനിമയാണെന്നതിന് അപ്പുറത്തേക്ക് ഒരു നടനായ സംവിധായകന് ഒപ്പം ആദ്യമായാണ് പ്രിയ സിനിമ ചെയ്യുന്നത്. ഒരു നടന്‍ സംവിധായകനാകുമ്പോള്‍ തീര്‍ച്ചയായും അതില്‍ കാര്യമായ വ്യത്യാസമുണ്ടെന്നാണ് പ്രിയ പറയുന്നത്.

'അഭിനയം ഇത്ര വ്യക്തമായി പറഞ്ഞു തരുന്ന ഒരു സംവിധായകനൊപ്പം ഞാന്‍ ഇതിന് മുമ്പ് സിനിമ ചെയ്തിട്ടില്ല. ഒരു സീന്‍ ചെയ്യുന്നത് അദ്ദേഹം വിവരിക്കുന്നത് വളരെ ലളിതമായാണ്. അത് അദ്ദേഹം ഒരു നടനായതുകൊണ്ട് കൂടിയായിരിക്കും', എന്നും പ്രിയ പറഞ്ഞു.

ധനുഷിന്റെ സിനിമ സെറ്റിലെ ആദ്യ ദിനങ്ങളെ കുറിച്ചും കഥാപാത്രത്തെ കൂടുതലായി മനസിലാക്കിയതിനെ കുറിച്ചും പ്രിയ സംസാരിച്ചു. ഡയലോഗുകള്‍ പഠിച്ചെങ്കിലും കഥാപാത്രത്തെ യഥാര്‍ത്ഥത്തില്‍ മനസിലാക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ല തുടക്കത്തില്‍ എന്നും താരം അഭിപ്രായപ്പെട്ടു.

'ഞാന്‍ കരുതിയിരുന്നത് എന്റെ കഥാപാത്രം വളരെ സോഫ്റ്റായ ഒരാളാണെന്നാണ്. അതുകൊണ്ട് തന്നെ അത്തരത്തില്‍ ഡയലോഗുകള്‍ പറയണമെന്നാണ് ഞാന്‍ മനസിലാക്കിയത്. എന്നാല്‍ ധനുഷ് സാര്‍ കഥാപാത്രത്തെ കുറിച്ച് വ്യക്തമാക്കി തന്നപ്പോള്‍ എനിക്ക് അവരെ കൂടുതല്‍ ആഴത്തില്‍ മനസിലായി. വളരെ ബോള്‍ഡും സ്‌ട്രോങുമായ ഒരു കഥാപാത്രമാണ് എന്റേത്. കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുന്ന വ്യക്തി. ധനുഷ് സാര്‍ വിശദീകരിച്ച് തന്നപ്പോള്‍ കഥാപാത്രത്തിന്റെ ശരീര ഭാഷ അടക്കമുള്ള കാര്യങ്ങളില്‍ എനിക്ക് വ്യക്തത വന്നു', പ്രിയ കൂട്ടിച്ചേര്‍ത്തു.

ബാക്കി പുതുമുഖ താരങ്ങളില്‍ നിന്ന് പ്രിയയെ മുതിര്‍ന്ന ഒരു അഭിനേത്രിയായാണ് ധനുഷ് കണ്ടത്. അതുകൊണ്ട് തന്നെ അഭിനയിച്ച് കാണിക്കുന്നതിന് പകരം പ്രിയയില്‍ വിശ്വാസമറപ്പിക്കുകയാണ് ധനുഷ് ചെയ്തത്.

'അദ്ദേഹത്തിന്റെ അഭിനയിക്കുന്ന ഒരു വീഡിയോ എടുത്തിട്ട് അത് അതുപോലെ ഞങ്ങളോട് ചെയ്യാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ കഥാപാത്രത്തിന്റെ വ്യക്തമായ റെഫറെന്‍സുകളുമായാണ് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നത്. അഭിനേതാക്കളേയും അവരുടെ രീതിയെയും വിശ്വസിച്ച് കൂടെ സിനിമ ചെയ്യാനാണ് ധനുഷ് സാറിന് ഇഷ്ടം', പ്രിയ വ്യക്തമാക്കി.

തമിഴ് സിനിമയും സീരിയലുകളും കണ്ട് വളര്‍ന്നതിനാല്‍ ഭാഷ തനിക്കൊരു പ്രശ്‌നമായിരുന്നില്ലെന്നും പ്രിയ വ്യക്തമാക്കി. സിനിമയുടെ കഥ കേട്ട് അഞ്ച് മിനുറ്റ് കൊണ്ട് താന്‍ അത് ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും പ്രിയ പറഞ്ഞു.

'മുഴുവന്‍ കഥ കേള്‍ക്കാതെ തന്നെ ഈ സിനിമ ഫണ്‍ ആന്‍ഡ് ഫ്രെഷ് ആയിരിക്കുമെന്നതില്‍ സംശയമുണ്ടായിരുന്നില്ല. എനിക്ക് 200 ശതമാനം സിനിമയെ കുറിച്ചും ധനുഷ് സാറിനെ കുറിച്ചും ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ലെ'ന്നും പ്രിയ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com