ഇതാണോ 'ആട് 3'യുടെ ക്യാരക്ടർ സ്കെച്ച്? ധർമജന്റെ സ്റ്റോറി വൈറല്‍

ധർമജന്‍ പങ്കുവച്ചത് ഫാന്‍ മെയ്ഡ് പോസ്റ്റർ ആണെന്നാണ് ഒരു വിഭാഗം പറയുന്നത്
ധർമജന്‍ ബോള്‍ഗാട്ടിയുടെ  ഇന്‍സ്റ്റഗ്രാം സ്റ്റോറി
ധർമജന്‍ ബോള്‍ഗാട്ടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിSource: Instagram
Published on
Updated on

കൊച്ചി: നടന്‍ ധർമജന്‍ ബോള്‍ഗാട്ടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം 'ആട്' എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ ഒരു ക്യാരക്ടർ സ്കെച്ച് നടന്‍ പങ്കുവച്ചിരുന്നു. ഇതിപ്പോള്‍ വൈറലാണ്. ഇതാണോ 'ആട് 3'യുടെ ക്യാരക്ടർ സ്കെച്ച് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ധർമജന്‍ പങ്കുവച്ചത് ഫാന്‍ മെയ്ഡ് പോസ്റ്റർ ആണെന്നാണ് ഒരു വിഭാഗം പറയുന്നത്. തീർത്തും വ്യത്യസ്തമായ വേഷവിധാനങ്ങളിലാണ് ഷാജി പാപ്പനേയും സംഘത്തെയും ഈ പോസ്റ്ററിൽ കാണാന്‍ സാധിക്കുന്നത്. എന്തായാലും ഇതായിരിക്കില്ല ഷാജി പാപ്പന്റെയും പിള്ളാരുടെയും ഒഫിഷ്യല്‍ ലുക്ക് എന്നാണ് സോഷ്യല്‍ മീഡിയയില്‍ 'ആട്' ആരാധകർ വാദിക്കുന്നത്.

ധർമജന്‍ ബോള്‍ഗാട്ടിയുടെ  ഇന്‍സ്റ്റഗ്രാം സ്റ്റോറി
"മമ്മൂക്ക ഒരു ഉപദേശം കൊടുത്തു, പിറ്റേന്ന് കൃഷ്ണകുമാറിന്റെ കല്യാണം"; 'മുകേഷ് കഥ' വൈറലാകുന്നു

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം എപ്പിക്-ഫാന്റസി ചിത്രമായാണ് മിഥുന്‍ മാനുവല്‍ തോമസ് 'ആട് 3' അണിയിച്ചൊരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ 'ആട് യൂണിവേഴ്സി'ലെ താരങ്ങള്‍ ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് തീയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23ാമത്തെ ചിത്രമാണ് 'ആട് 3'.

News Malayalam 24x7
newsmalayalam.com